പിടികിട്ടാതെ കുപ്പിവെള്ളം, ആരോഗ്യത്തിന്‌ ഹാനികരമെന്ന്‌ പഠനങ്ങൾ

Thursday 18 September 2025 2:53 AM IST

കല്ലമ്പലം: വഴിവക്കിലെ കടയിൽ പൊരിവെയിൽ കൊണ്ട് തൂങ്ങിക്കിടക്കുന്ന മിനറൽ വാട്ടർക്കുപ്പി കണ്ടാൽ വാങ്ങി വായിൽ കമിഴ്ത്താൻ തെല്ലും മടിക്കാറില്ല. കാരണം വിഷലേശമില്ലാത്ത നിർമ്മല ജലമാണ് കുപ്പിയിലെത്തുന്ന മിനറൽ വാട്ടർ. അതിൽ അണുവില്ല. ഘനലോഹങ്ങളില്ല. കുടിക്കാൻ ഏറ്റവും നല്ലത്.എന്നാണെല്ലാരുടെയും വിശ്വാസം. ഈ വിശ്വാസം ശരിയല്ലെന്നാണ് ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഗവേഷകർ പറയുന്നത്. കുപ്പിവെള്ളം സുരക്ഷിതമല്ല. മിക്കതിലും അപകടകാരികളായ പ്ലാസ്റ്റിക് തരികൾ അടങ്ങിയിരിക്കുന്നു. അഞ്ച് ഭൂഖണ്ഡങ്ങളിലെ ഒൻപത് രാജ്യങ്ങളിൽ നിന്ന് ശേഖരിച്ച 11 ബ്രാൻഡുകളിൽപ്പെടുന്ന സീൽ ചെയ്ത‌ 250 വെള്ളക്കുപ്പികൾ അരിച്ചുപെറുക്കി പരിശോധിച്ച ശേഷമാണ് ന്യൂയോർക്ക് സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റി ഈ നിഗമനത്തിലെത്തിയത്. ആകെ ശേഖരിച്ച കുപ്പികളിൽ 53 ശതമാനത്തിലും പ്ലാസ്റ്റിക്കിന്റെ അപകടകരമായ സാന്നിദ്ധ്യം കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യക്ക് പുറമെ ബ്രസീൽ,ചൈന,ഇൻഡോനേഷ്യ,കെനിയ,ലെബനൻ, മെക്സിക്കോ,തായ്ലൻഡ്, അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ചതാണ് വെള്ളക്കുപ്പികൾ. ശരാശരി ഒരു കുപ്പിയിൽ 125 പ്ലാസ്റ്റിക് ധൂളികളെങ്കിലും ഗവേഷകർ കണ്ടെത്തി. ചില കുപ്പികളിൽ പതിനായിരം പ്ലാസ്റ്റിക്ക് തരികൾ വരെയാണ് കണ്ടെത്തിയത്.

അർബുദം മുതൽ ഹൈപ്പർ

ആക്ട‌ിവിറ്റി ഡിസ്ഓർഡർ വരെ

ശുദ്ധജലക്ഷാമം മൂലം വിവിധ രാജ്യങ്ങളിൽ വസിക്കുന്ന 2.1 ദശലക്ഷം മനുഷ്യർ കുടിവെള്ളത്തിനുവേണ്ടി ആശ്രയിക്കുന്നത് കുപ്പിവെള്ളത്തെയാണ്. മലിനജലം കുടിച്ചുണ്ടാകുന്ന രോഗങ്ങൾ ബാധിച്ച് പ്രതിദിനം മരിക്കുന്ന കുട്ടികളുടെ എണ്ണം 4000 കവിഞ്ഞു. വെള്ളം നിറച്ച കുപ്പികളിൽ പ്ലാസ്റ്റിക്ക് അടപ്പ് ഉറപ്പിക്കുമ്പോഴാണ് ഈ മലിനീകരണം നടക്കുന്നത്. അടപ്പ് നിർമ്മിക്കാനുപയോഗിക്കുന്ന പോളിപ്രോപ്പലിൻ,നൈലോൺ,പോളിത്തീൻ ടെറഫ്‌തലേറ്റ് എന്നിവയും കുപ്പിവെള്ളത്തിനുള്ളിൽ കണ്ടെത്തി. ഇത്തരം വെള്ളം കുടിച്ചാൽ മനുഷ്യരിൽ ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് വിദഗ്‌ദ്ധർ പറയുന്നു. അർബുദം,ഓട്ടിസം,ബീജത്തിന്റെ അളവ് കുറയുന്ന അവസ്ഥ,കുട്ടികളിലുണ്ടാകുന്ന അറ്റൻഷൻ ഡെഫിസിറ്റി ഹൈപ്പർ ആക്ട‌ിവിറ്റി ഡിസ്ഓർഡർ എന്നിങ്ങനെ പോകുന്നു.

ഗുണനിലവാരം ഉറപ്പുവരുത്തണം

വെള്ളത്തിലൂടെ ഉള്ളിൽ കടന്നുകയറുന്ന മൈക്രോ പ്ലാസ്റ്റിക് 90 ശതമാനവും വിസർജ്യത്തോടൊപ്പം പുറത്തുപോകും. ശേഷിച്ച പത്ത് ശതമാനം രക്തചംക്രമണത്തിലൂടെ വൃക്കയിലെത്തും. തുടർന്ന് രോഗങ്ങൾ നമ്മെ അലട്ടും. നല്ലത് കിണറ്റിലെയും കുഴലിലെയും വെള്ളം കുടിക്കുന്നതുതന്നെ. വിവിധ സ്രോതസുകളിൽനിന്ന് ശേഖരിക്കുന്ന വെള്ളം ആരോഗ്യത്തെ ബാധിക്കാത്ത രീതിയിൽ അണുനശീകരണം നടത്തുമ്പോഴാണ് കുപ്പിവെള്ളം ശുദ്ധമാവുക. വിവിധ കമ്പനികളുടെ കുപ്പിവെള്ളം ശേഖരിച്ച്‌ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവണം.