ലോട്ടറിയുടെ ജി.എസ്.ടി വർദ്ധനവ്... വയറ്റത്തടിക്കരുതേ

Thursday 18 September 2025 12:01 AM IST

കോട്ടയം: കേന്ദ്ര സർക്കാർ ഭൂരിഭാഗം സാധനങ്ങളുടെയും ജി.എസ്.ടി നിരക്ക് കുറച്ചിട്ടും ലോട്ടറിയുടേത് 40 ശതമാനം വർദ്ധിപ്പിച്ചതിനെതിരെ ലോട്ടറി സംരക്ഷണ സമിതി സമരത്തിനൊരുങ്ങുന്നു. നിലവിലുള്ള 28 ശതമാനം ജി.എസ്.ടിയാണ് 40 ആക്കി കേന്ദ്രം ഉയർത്തിയത്. സംസ്ഥാന സർക്കാരിന്റെ പ്രധാന നികുതി വരുമാനമാണ് ലോട്ടറി. 7500 ജീവനക്കാർ ലോട്ടറി മേഖലയിൽ പ്രവർത്തിക്കുന്നു. കേരള സർക്കാർ വിശ്വാസ്യതയോടെയും സുതാര്യതയോടെയും നടത്തുകയാണെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ ഓൺലൈൻ ലോട്ടറി തട്ടിപ്പുവരെ നടക്കുന്നതിനാൽ ലോട്ടറി നടത്തിപ്പ് ചൂതാട്ടമായി കണ്ടാണ് കേന്ദ്രം ജി.എസ്.ടി ഉയർത്തിയത്. ലോട്ടറി ചൂതാട്ടമല്ലെന്നും വരുമാനം പൂർണമായും ക്ഷേമ പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുന്നതെന്നും കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മദ്യം കഴിഞ്ഞാൽ സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാന മാർഗം ലോട്ടറി വില്പനയിൽ നിന്നാണ്. ഇതിൽ വൻ കുറവുണ്ടാകുന്നതോടെ ലോട്ടറി വിൽപ്പനക്കാർക്കുള്ള ക്ഷേമനിധി ബോർഡിലേക്ക് അധിക വരുമാനം കണ്ടെത്തുക ബുദ്ധിമുട്ടാകും.

ലക്ഷക്കണക്കിന് പേരുടെ ഉപജീവന മാർഗം

ലോട്ടറി വില്പന പ്രധാന വരുമാനവും ലക്ഷക്കണക്കിന് പേരുടെ ഉപജീവന മാർഗ്ഗവുമാണ്. വർഷം 14,​000 കോടിയോളം രൂപയ്ക്കാണ് ലോട്ടറി വില്പന. നികുതിയിനത്തിൽ 3000 കോടിയോളവും ലാഭമായി 450 കോടിയും കിട്ടുന്നുണ്ട്. ചികിത്സാധനസഹായം, മരണാനന്തര കുടുംബസഹായം, വിദ്യാഭ്യാസധനസഹായം, പ്രസവ ധനസഹായം,കാരുണ്യ,​ ഭിന്നശേഷിക്കാർക്കുള്ള സഹായം തുടങ്ങിയ ആനുകൂല്യങ്ങളുടെ വിതരണവും ഇതുവഴി നടത്തുന്നുണ്ട്. ലോട്ടറി കച്ചവടം പ്രതിസന്ധിയിലായാൽ ഇതെല്ലാം നിലയ്ക്കും.

''ജി.എസ്.ടി വന്നപ്പോൾ 12 ശതമാനമായിരുന്നു ലോട്ടറി നികുതി. 2020 ൽ ഇത് 28 ശതമാനമാക്കി വർദ്ധിപ്പിച്ചു. ഇതോടെ ടിക്കറ്റ് വില 30 രൂപയിൽ നിന്ന് 40 ലേക്കും പിന്നീട് 50 ലേക്കും ഉയർത്തേണ്ടിവന്നു. ടിക്കറ്റ് വില്പനയെ സ്വാഭാവികമായും അത് ബാധിച്ചു.

ഭാഗ്യക്കുറി സംരക്ഷണ സമിതിയുടെ നേത്യത്വത്തിൽ ഇന്ന് രാവിലെ 10 ന് കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തും.

-ഭാഗ്യക്കുറി സംരക്ഷണ സമിതി