ബോളിവുഡ് താരം ദിഷാ പട്ടാണിയുടെ വീടിനുനേരെ വെടിയുതിർത്തവരെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു
ലക്‌നൗ: ബോളിവുഡ് താരം ദിഷാ പട്ടാണിയുടെ വീട്ടിലേക്ക് വെടിയുതിർത്ത സംഭവത്തിലെ പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് പൊലീസ് ഏറ്റുമുട്ടലിൽ ഇവർ മരിച്ചത്. റോഹ്‌തക് സ്വദേശി രവീന്ദ്ര, സോനിപത്ത് സ്വദേശി അരുൺ എന്നിവരാണ് പൊലീസ് സംഘവുമായി ഏറ്റുമുട്ടലിനൊടുവിൽ കൊല്ലപ്പെട്ടത്. ഇവരെ ബലപ്രയോഗത്തിലൂടെ പിടികൂടി, നിരായുധരാക്കിയതായാണ് പൊലീസ് അറിയിച്ചത്. കസ്‌റ്റഡിയിലെടുത്ത ശേഷം പരിക്കേറ്റതിനാൽ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ നഷ്‌ടമായെന്നാണ് വിവരം.
സെപ്‌തംബർ 12ന് ബറൈലിയിലെ സിവിൽ ലൈൻസ് ഏരിയയിലെ ദിഷയുടെ പൈതൃക ഭവനത്തിലാണ് വെടിവയ്‌പ്പുണ്ടായത്. പുലർച്ചെ 3.45ഓടെയാണ് സംഭവം. ഈ സമയം ദിഷാ പട്ടാണിയുടെ പിതാവ് പൊലീസിലെ റിട്ട. ഡെപ്യൂട്ടി സൂപ്രണ്ട് ജഗ്‌ദീഷ് സിംഗ് പട്ടാണി, അമ്മ, സഹോദരി ഖുശ്‌ബൂ പട്ടാണി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.
കാനഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗുണ്ടാത്തലവൻ ഗോൾഡി ബ്രാർ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സമൂഹമാദ്ധ്യമങ്ങളിലെ പോസ്റ്റിലായിരുന്നു ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റ് ഗോൾഡി ബ്രാർ കുറിപ്പിട്ടത്. പ്രേമാനന്ദ് മഹാരാജ്, അനിരുദ്ധാചാര്യ എന്നീ ആചാര്യന്മാരെക്കുറിച്ച് ദിഷാ പട്ടാണിയും സഹോദരിയും നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ചാണ് ആക്രമണം നടത്തിയതെന്ന് ബ്രാർ പറഞ്ഞു.
ഉത്തർപ്രദേശ് സെപെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നോയിഡ യൂണിറ്റ്, ഡൽഹി പൊലീസിന്റെ ക്രൈം ഇന്റലിജൻസ് വിഭാഗം എന്നിവർ ചേർന്നാണ് ആക്രമണത്തിന് കാരണക്കാരായവരെ അന്വേഷിച്ചത്. ഇതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത് എന്നാണ് വിവരം.