എസ്.എഫ്.ഐ നേതാവിനെ കുത്തിയ പ്രതി അറസ്റ്റിൽ

Wednesday 17 September 2025 10:26 PM IST

കണ്ണൂർ: എസ്.എഫ്.ഐ നേതാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു. പി.റബീഹ് (27)നെയാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. മൈസൂരിൽ ഒളിവിലായിരുന്ന പ്രതി കണ്ണൂരിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് താഴെചൊവ്വയിൽ വച്ച് പിടിയിലായത്. കഴിഞ്ഞ മാസം 24നായിരുന്നു എസ്.എഫ്.ഐ എടക്കാട് ഏരിയ സെക്രട്ടറി വൈഷ്ണവിനെ തോട്ടട എസ്.എൻ.ജി കോളേജിന് സമീപത്ത് വച്ച് ബൈക്കിലെത്തിയ രണ്ടംഗ ലഹരിമാഫിയാ സംഘം കുത്തി പരിക്കേൽപ്പിച്ചത്. പ്രതികൾ സഞ്ചരിച്ച ബൈക്ക് മുന്നേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 2022 ൽ ആയിക്കര പാലത്തിന് സമീപം നഗരത്തിലെ സൂഫി മക്കാനി ഹോട്ടലുടമ ജസീറിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് റബീഹ്. ഇയാൾ ലഹരി കേസുകളിലും പ്രതിയാണ്. രണ്ടാം പ്രതിക്കായുള്ള അന്വേഷണം നടക്കുകയാണ്.