നവരാത്രി പുണ്യം നിറയും നാളുകളെത്തുന്നു, വിഗ്രഹ ഘോഷയാത്ര 20ന് പുറപ്പെടും

Thursday 18 September 2025 1:00 AM IST

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങൾക്ക് മുന്നോടിയായി തക്കല പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നുള്ള വിഗ്രഹ ഘോഷയാത്ര 20ന് പുറപ്പെടും.22ന് വിഗ്രഹങ്ങൾ തലസ്ഥാനത്തെത്തുന്നതോടെ നവരാത്രിയാഘോഷങ്ങൾക്ക് തുടക്കമാകും.

പദ്മനാഭപുരം കൊട്ടാരത്തിലെ തേവാരക്കെട്ട് സരസ്വതിദേവി വിഗ്രഹവും ശുചീന്ദ്രത്ത് നിന്ന് ശുചീന്ദ്രം ദേവി (മുന്നൂറ്റി നങ്ക) വിഗ്രഹവും കുമാരകോവിലിൽ നിന്ന് കുമാരസ്വാമി വിഗ്രഹവും വെള്ളിക്കുതിരയുമാണ് എഴുന്നള്ളിച്ച് കൊണ്ടുവരുന്നത്.

ശുചീന്ദ്രത്ത് നിന്ന് മുന്നൂറ്റിനങ്ക വിഗ്രഹ ഘോഷയാത്ര 19ന് പുറപ്പെട്ട് 20ന് പദ്മനാഭപുരത്ത് എത്തും.കുമാരസ്വാമി വിഗ്രഹവും വെള്ളിക്കുതിരയുമായി ഘോഷയാത്ര 20ന് പുലർച്ചെ കുമാരകോവിലിൽ നിന്ന് പുറപ്പെട്ട് കൊട്ടാര വളപ്പിലെത്തും. അവിടെ ഉപ്പരിക്കമാളികയിൽ സൂക്ഷിച്ചിരിക്കുന്ന തിരുവിതാംകൂർ മഹാരാജാവിന്റെ ഉടവാൾ കൈമാറ്റം നടക്കുന്നതോടെ വിഗ്രഹഘോഷയാത്ര ആരംഭിക്കും.

സരസ്വതി വിഗ്രഹം ആനപ്പുറത്തും കുമാരസ്വാമി, മുന്നൂറ്രിനങ്ക വിഗ്രഹങ്ങൾ പല്ലക്കിലുമാണ് എഴുന്നള്ളിക്കുന്നത്.

20ന് രാത്രി തമിഴ്നാട് കുഴിത്തുറ മഹാദേവക്ഷേത്രത്തിലെത്തി അവിടെ വിഗ്രഹങ്ങളെ ഇറക്കിപൂജ നടത്തും.21ന് കഴിത്തുറ മഹാദേവക്ഷേത്രത്തിൽ നിന്ന് യാത്രതിരിച്ച് ഉച്ചയ്ക്ക് 12ഓടെ സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽ എത്തുമ്പോൾ സംസ്ഥാനസർക്കാർ സ്വീകരണം നൽകും. തുടർന്ന് പാറശാല മഹാദേവക്ഷേത്രത്തിൽ വിഗ്രഹങ്ങളെയിറക്കി പൂജ നടത്തും. ശേഷം നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തിച്ചേരും. 22ന് അവിടെനിന്ന് പുറപ്പെട്ട് വൈകിട്ട് 4ന് കരമന ആവണി അമ്മൻകോവിലിലെത്തും.അവിടുത്തെ പൂജയ്ക്ക് ശേഷം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് തിരിക്കും.അവിടെ മുതൽ കുമാരസ്വാമിയെ വെള്ളിക്കുതിരപ്പുറത്താണ് എഴുള്ളിക്കുന്നത്.

സരസ്വതിദേവിയും ഉടവാളും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലുള്ള നവരാത്രി മണ്ഡപത്തിലും, ശുചീന്ദ്രം ദേവിയെ ചെന്തിട്ട ദേവീക്ഷേത്രത്തിലും കുമാരസ്വാമിയെയും വെള്ളിക്കുതിരയെയും ആര്യശാലാദേവീ ക്ഷേത്രത്തിലുമായി ഒക്ടോബർ 4 വരെ കുടിയിരുത്തും.