75-ാം പിറന്നാൾ ദിനത്തിൽ മോദി , പുതിയ ഇന്ത്യ ശത്രുവിനെ തേടിച്ചെന്ന് തീർക്കും
ന്യൂഡൽഹി: പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തേടിപ്പിടിച്ച് നശിപ്പിച്ച പ്രതികരണശേഷിയുള്ള പുതിയ ഇന്ത്യയാണ് ഇന്നത്തേതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 75-ാം പിറന്നാൾ ദിനത്തിൽ മധ്യപ്രദേശിലെ ധാറിൽ വികസന പദ്ധതികൾ സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മോദി.
ഇന്ത്യൻ സൈന്യത്തിന്റെ ധീരത പാക് ഭീകരന്റെ വിലാപത്തിൽ വ്യക്തമാണ്. ഓപ്പറേഷൻ സിന്ദൂറിൽ മൗലാന മസൂദ് അസറിന്റെ കുടുംബം ചിന്നിച്ചിതറിയെന്ന് ജെയ്‌ഷെ മുഹമ്മദ് കമാൻഡർ സമ്മതിക്കുന്ന വീഡിയോ ലോകം കണ്ടു. രാഷ്ട്രം ഭാരതമാതാവിന്റെ സുരക്ഷയ്‌ക്ക് പരമാവധി മുൻഗണന നൽകുന്നു. ആണവ ഭീഷണി ഭയപ്പെടാതെയായിരുന്നു നമ്മുടെ പ്രഹരം.
പോരാടൻ ദൃഢനിശ്‌ചമെടുത്ത 140 കോടി പേരാണ് രാജ്യത്തിന്റെ ശക്തി. സ്ത്രീകൾ, യുവാക്കൾ, കർഷകർ എന്നിവരുടെ ഉന്നതിയാണ് പ്രധാനം. കർഷകർക്ക് ഉത്പന്നങ്ങൾക്ക് ന്യായ വിലയും യുവാക്കൾക്ക് തൊഴിലവസരങ്ങളും ഉറപ്പാകും. ധാറിൽ ഉദ്ഘാടനം ചെയ്‌ത ഇന്ത്യയിലെ ഏറ്റവും വലിയ ടെക്സ്റ്റൈൽ പാർക്ക് തുണി വ്യവസായത്തിന് പുതിയ ഊർജ്ജം നൽകും.
കുടുംബം നന്നായി പ്രവർത്തിക്കാൻ അമ്മമാർ ആരോഗ്യവതികളാകണം. 'ആരോഗ്യമുള്ള സ്ത്രീകൾ, ശക്തമായ കുടുംബം" എന്ന പ്രചാരണം അതിന്റെ അടിസ്ഥാനത്തിലാണ്. ഉത്സവ സീസണിൽ സ്വദേശി ഉത്പന്നങ്ങൾ പരമാവധി വാങ്ങണമെന്നും മോദി പറഞ്ഞു.