യാത്രാ സുരക്ഷ ഒരുക്കി മോട്ടോർ വാഹനവകുപ്പ്

Thursday 18 September 2025 1:13 AM IST

ഇടുക്കി: സഞ്ചാരികൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിന് കേരള മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ച നടപടികൾ കൂടുതൽ സഞ്ചാരികളെ സാഹസികതയുടെ വിസ്മയക്കാഴ്ച കാണാൻ കൊളുക്കുമലയിലേയ്ക്ക് ആകർഷിക്കുന്നു. മൂന്നാറിൽ എത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദങ്ങളിൽ ഒന്നാണ് കൊളുക്കുമലയിലേക്കുള്ള ജീപ്പ് സഫാരി. ദിനംപ്രതി അഞ്ഞൂറിലധികം പേരാണ് ജീപ്പ് സഫാരി നടത്തുന്നത്. കൊളുക്കുമലയിലെ കാഴ്ചകൾ ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിന്ള മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ജാഗരൂകരാണ്. കൊളുക്കുമല ടൂറിസം സേഫ്റ്റി കമ്മിറ്റിയുടെ കൺവീനർ ഉടുമ്പൻചോല ജോയിന്റ് റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസറുടെ നേതൃത്വത്തിലാണ് യാത്ര സുരക്ഷിതത്വത്തിന് വേണ്ടിയുള്ള നടപടി കൈക്കൊണ്ടിട്ടുള്ളത്. കൃത്യമായ ഇടവേളകളിൽ വാഹനങ്ങളുടെ സങ്കേതിക പരിശോധനയും യോഗ്യരായ ഡ്രൈവർമാരുടെ സേവനം ഉറപ്പുവരുത്തുന്നതും സുരക്ഷാ കമ്മിറ്റി കൺവീനറുടെ ഉത്തരവാദിത്തത്തിലാണ്. കൊളുക്കുമല ജീപ്പ് സഫാരി എസ്.ഒ.പി മാനദണ്ഡങ്ങൾ നടപ്പിലാക്കിയതോടുകൂടി സഞ്ചാരികൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ട്. ഇത് കൂടാതെ എല്ലാ ദിവസവും ഡ്രൈവർമാരെ ബ്രീത്ത് അനലൈസർ പരിശോധന നടത്തുന്നതു വഴി മദ്യപിച്ചിട്ടുള്ളവരെ വാഹനം ഓടിക്കുന്നതിൽ നിന്നും ഒഴിവാക്കുകയും കർശനമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു.

മെച്ചപ്പെട്ട ജീവിതം

മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന പ്രവർത്തനങ്ങൾ മൂലം നിരവധിപേർ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് ഒഴിവാക്കി. നൂറിലധികം ഡ്രൈവർമാർ സ്വന്തമായി വാഹനം വാങ്ങുകയും ചെയ്തു. ഇവർ കുടുംബത്തിലെ ചെലവുകൾ യഥാസമയം ഉറപ്പാക്കുകയും അതുവഴി ജീവിത നിലവാരവും സാമ്പത്തിക അച്ചടക്കവും കൈവരിക്കാൻ സാധിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു. കുറച്ചുകാലം മുമ്പ് വരെ സ്‌കൂൾ തുറക്കുന്ന സമയത്തും വാഹനങ്ങൾ ഫിറ്റ്നസ് ടെസ്റ്റിന്റെ സമയത്തും വലിയൊരു തുക പലിശക്ക് എടുക്കുകയും വരുമാനത്തിൽ നിന്നും കിട്ടുന്ന സമ്പാദ്യമെല്ലാം നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടായിരുന്നു. മേട്ടോർ വാഹന വകുപ്പിന്റെ ക്രിയാത്മകമായ ഇടപെടലുകൾ മൂലം ഈ അവസ്ഥയ്ക്ക് മാറ്റം വന്നിട്ടുണ്ട്.

സഞ്ചാരികൾ വർദ്ധിച്ചു

ഇത്തരത്തിലുള്ള സുരക്ഷാ പ്രവർത്തനങ്ങൾ നടപ്പിലാക്കിയതുമൂലം ദിവസേന 500 ൽ അധികം ആളുകൾ കൊളുക്കുമല സന്ദർശിക്കാൻ എത്തുന്നുണ്ട്. ഒരു ജീപ്പിൽ ആറുപേർക്കാണ് കൊളുക്കുമല സഫാരി നടത്താൻ സാധിക്കുക. രാവിലെ നാലു മുതൽ വൈകുന്നേരം 5 മണി വരെയാണ് കൊളുക്കുമലയിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. ഇവിടുത്തെ അസാധാരണമായ ഉദയാസ്തമനയ കാഴ്ചകൾ ആസ്വദിക്കാൻ ജീപ്പിലുള്ള ഈ സാഹസിക യാത്ര ടൂറിസ്റ്റുകൾക്ക് ഒഴിവാക്കാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞു.