ആരോഗ്യ മേഖല തകർന്നെന്ന് പ്രതിപക്ഷം, അമേരിക്കയേക്കാൾ മികച്ചതെന്ന് മന്ത്രി
തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരത്തിന്റെ കാരണം കണ്ടെത്തുന്നതിലടക്കം ആരോഗ്യവകുപ്പ് സമ്പൂർണപരാജയമാണെന്ന് പ്രതിപക്ഷം. ശിശുമരണ നിരക്കിലടക്കം അമേരിക്കയേക്കാൾ മെച്ചമാണെന്ന് മന്ത്രി വീണാജോർജ്ജ്. മസ്തിഷ്കജ്വരം വർദ്ധിക്കുന്നതിനെച്ചൊല്ലി നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന്റെ ചർച്ചയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോരുണ്ടായി. പ്രമേയം അവതരിപ്പിച്ച എൻ.ഷംസുദ്ദീനെ മന്ത്രി വ്യക്തിപരമായി ആക്ഷേപിച്ചെന്നാരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
പകർച്ചവ്യാധികൾ അടിക്കടി പടർന്നുപിടിക്കുന്നത് ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടുകൊണ്ടാണെന്നും ആരോഗ്യമേഖലയുടെ അവസ്ഥ പരിതാപകരമാണെന്നും എൻ.ഷംസുദ്ദീൻ ആരോപിച്ചു. മരുന്നും ഉപകരണങ്ങളും നൽകിയവർക്കടക്കം 2000കോടിയുടെ കുടിശിക കൊടുത്തുതീർക്കാനുണ്ട്. ഈ സർക്കാരിന്റെ കാലത്ത് 1411പേർ പകർച്ചവ്യാധി ബാധിച്ച് മരിച്ചു.നിവർന്നുനിൽക്കാൻ കഴിയാത്തവിധം ആരോഗ്യരംഗം തകർന്നെന്നും പ്രമേയം അവതരിപ്പിച്ച് ഷംസുദ്ദീൻ പറഞ്ഞു.
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് 15ദിവസത്തിനിടെ എട്ടുപേർ മരിച്ചെന്നും 120ലേറെ രോഗികളായെന്നും അപകടകരമായ സ്ഥിതിയാണെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. കാരണം കണ്ടെത്താനോ ചികിത്സാ പ്രോട്ടോക്കോളുണ്ടാക്കാനോ കഴിഞ്ഞിട്ടില്ല. മരണനിരക്ക് കൂടിയിട്ടും സർക്കാരിന്റെ പ്രതിരോധം ദുർബലമാണ്. ഉറവിടം കണ്ടെത്തുന്നതിൽ പൂർണപരാജയമാണ്. കൊവിഡിന് ശേഷം അപകടകരമായ രീതിയിൽ മരണനിരക്ക് കൂടിയിട്ടും അതേക്കുറിച്ച് പഠിക്കുന്നില്ലെന്ന് സതീശൻ പറഞ്ഞു.
മസ്തിഷ്കജ്വരത്തിന് ചികിത്സാ-പരിശോധനാ ചട്ടവും ആക്ഷൻപ്ലാനും ലോകത്താദ്യമുണ്ടാക്കിയത് കേരളത്തിലാണെന്ന് മന്ത്രി വീണാജോർജ്ജ് മറുപടി നൽകി. നീന്തൽകുളം, വാട്ടർസ്പോർട്സ്, വാട്ടർടാങ്ക്, കനാൽ, കിണർ എന്നിവയെല്ലാം കാരണമാവാം. തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് പ്രതിരോധം നടത്തുന്നു. പകർച്ചവ്യാധിയല്ല. ഇന്ത്യയിൽ 25% മസ്തിഷ്കജ്വരക്കേസുകളുടെ കാരണം മാത്രമേ കണ്ടെത്താനായിട്ടുള്ളൂ. അമീബ ഏതെന്ന് കണ്ടെത്താൻ തിരുവനന്തപുരത്ത് ലാബുണ്ട്. കോഴിക്കോട്ട് ഉടൻ തുടങ്ങും. ലോകത്ത് മരണ നിരക്ക് 98ശതമാനമുള്ളപ്പോൾ, ഇവിടെ 24ശതമാനമാണ് -മന്ത്രി പറഞ്ഞു.
പ്രതിപക്ഷമാണ് ഇരുട്ടിൽ തപ്പുന്നതെന്നും അടച്ചാക്ഷേപിക്കുകയാണെന്നും മന്ത്രി വീണജോർജ്ജ് പറഞ്ഞു. ശിശുമരണനിരക്ക് അമേരിക്കയേക്കാൾ കുറവാണിവിടെ. എല്ലായിടത്തും മരുന്നും ഉപകരണങ്ങളുമുണ്ട്. ഒരിടത്തും ശസ്ത്രക്രിയ മുടങ്ങിയിട്ടില്ല. 1500ലാബുകളെ ബന്ധിപ്പിച്ച് നിർണയ എന്നപേരിൽ ലാബ് ശൃംഖല വരുമെന്നും മന്ത്രി പറഞ്ഞു.
ഷംസുദ്ദീന്റെ വാക്കും ബഹളവും
മണ്ണാർകാട് മണ്ഡലത്തിലെ മസ്തിഷ്കജ്വര പ്രതിരോധ നടപടികൾ വിശദീകരിക്കവേ, എം.എൽ.എ മണ്ഡലത്തിൽ ഇല്ലേ എന്ന് മന്ത്രി വീണ ചോദിച്ചത് എൻ.ഷംസുദ്ദീനെ പ്രകോപിപ്പിച്ചു. സംസാരിക്കാൻ ഷംസുദ്ദീൻ എഴുന്നേറ്റെങ്കിലും മന്ത്രി വഴങ്ങിയില്ല. ഷംസുദ്ദീൻ മുന്നോട്ടെത്തി മന്ത്രിയോട് കയർത്തു. ഭരണപക്ഷ അംഗങ്ങൾ എഴുന്നേറ്റ് ബഹളംവച്ചു. പ്രതിപക്ഷഅംഗങ്ങൾ സ്പീക്കർക്ക് മുന്നിലെത്തി ബഹളംവച്ചു.
ഷംസുദ്ദീനെപ്പോലെ മുതിർന്നഅംഗം ഇത്തരം പരാമർശം നടത്തുന്നത് ശരിയല്ലെന്നും താൻ കേട്ടതാണെന്നും സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. ഷംസുദ്ദീനെതിരെ മന്ത്രി വ്യക്തിപരമായ ആക്ഷേപമുന്നയിച്ചിട്ടും മറുപടിക്ക് അവസരം നൽകിയില്ലെന്ന് വി.ഡി.സതീശൻ കുറ്റപ്പെടുത്തി. എന്ത് തോന്നിയവാസവും വിളിച്ചുപറയാനാവില്ലെന്ന് സ്പീക്കർ തിരിച്ചടിച്ചു.
ഷംസുദ്ദീനെ മന്ത്രി അപമാനിച്ചെന്നും സഭാനടപടികൾ ബഹിഷ്കരിക്കുകയാണെന്നും സതീശൻ പ്രഖ്യാപിച്ചു. വനിതാമന്ത്രിയെപ്പറ്റി മര്യാദകെട്ട പദമാണുപയോഗിച്ചതെന്നും സഭാരേഖയിലുണ്ടാവരുതെന്നും ഷംസുദ്ദീൻ മാപ്പുപറയണമെന്നും മന്ത്രി സജിചെറിയാൻ ആവശ്യപ്പെട്ടു.
ഉമ്മൻചാണ്ടിക്കെതിരെ ഒന്നും പറഞ്ഞില്ലെന്ന് വീണാജോർജ് കേരളത്തിൽ അമീബിക് മസ്തിഷ്കജ്വരം ആദ്യമായി റിപ്പോർട്ട് ചെയ്തത് 2016ലാണെന്ന് മന്ത്രി വീണാജോർജ്ജ് നിയമസഭയിൽ പറഞ്ഞു. 2013ൽ കണ്ണിലെ കോർണിയയിലെ അൾസറിനെക്കുറിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രണ്ടു ഡോക്ടർമാർ പഠനം നടത്തിയിരുന്നു. അമീബ കാരണമാണ് അൾസറുണ്ടാവുന്നതെന്ന് നിഗമനത്തിലെത്തി. കിണറുകളടക്കം സ്രോതസുകളാണെന്ന് കണ്ടെത്തി സർക്കാരിന്റെ ശ്രദ്ധയിൽപെടുത്താൻ ശ്രമിച്ചെങ്കിലും മുതിർന്ന ഉദ്യോഗസ്ഥർ അംഗീകരിച്ചില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെക്കുറിച്ച് താൻ ഒന്നും പറഞ്ഞിട്ടില്ല. 2018ൽ പഠനം ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചു. ഒരു ജേണലും സർക്കാരിന്റെ ശ്രദ്ധയിൽ വരുന്നതല്ലെന്നും മന്ത്രി വിശദീകരിച്ചു. ഉമ്മൻചാണ്ടി സർക്കാർ 12വർഷം മുൻപ് നടപടിയെടുക്കാത്തതിനാലാണ് ഇപ്പോൾ മസ്തിഷ്കജ്വരം വരുന്നതെന്നാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി. ഉത്തരവാദിത്ത ബോധമില്ലാതെ മന്ത്രിസ്ഥാനത്തിരുന്ന് അന്നത്തെ സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാനാണ് ശ്രമം. 2013ൽ പഠിച്ചത് കോർണിയ അൾസറാണ്. 2016ലാണ് ആദ്യ അമീബിക് മസ്തിഷ്കജ്വരമുണ്ടായത്- സതീശൻ ചൂണ്ടിക്കാട്ടി. പഠനറിപ്പോർട്ട് തീയതി മാറ്റി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് ഉമ്മൻചാണ്ടി സർക്കാരിനെ കുറ്റപ്പെടുത്തുന്നത് ഔചിത്യമില്ലായ്മയാണെന്ന് പി.സി.വിഷ്ണുനാഥും പറഞ്ഞു. അധികാരം ഔചിത്യത്തെ ഇല്ലാതാക്കുമെന്നതിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.