ശക്തിപ്രകടനമായി മുപ്പെരും വിഴ, ഒരു ശക്തിക്കും ഡി.എം.കെയെ തോടാനാകില്ല: സ്റ്റാലിൻ

Thursday 18 September 2025 12:49 AM IST

ചെന്നൈ: ഡി.എം.കെയുടെ ശക്തിപ്രകടനമായി 'മുപ്പെരും വിഴ". ഇന്നലെ കരൂരിനടുത്തുള്ള കൊടങ്ങിപ്പട്ടിയിൽ കൂറ്റൻ വേദിയിയൊരുക്കിയായിരുന്നു ആഘോഷം. സാമൂഹിക പരിഷ്‌കർത്താവായ പെരിയാർ ഇ.വി. രാമസാമി ജന്മദിനവും മുൻ മുഖ്യമന്ത്രിയും പാർട്ടി സ്ഥാപകനുമായ സി.എൻ. അണ്ണാദുരൈയുടെ അനുസ്മരണവും പാർട്ടി സ്ഥാപകദിനവും ഒരുമിച്ച് ആഘോഷിക്കുന്ന മുപ്പെരും വിഴ എല്ലാ വർഷവും സെപ്തംബർ 17ന് ഡി.എം.കെ ആഘോഷിക്കുമെങ്കിലും ഇത്തവണ ശക്തിപ്രകടനമായി കൂടി അതുമാറി.

ഡി.എം.കെ സർക്കാരിനെ വിമർശിച്ചുകൊണ്ട് ടി.വി.കെ അദ്ധ്യക്ഷനും നടനുമായ വിജയ് സംസ്ഥാന പര്യടനം തുടങ്ങിയ പശ്ചാത്തലത്തിലാണ് വിപുലമായ സമ്മേളനം ഡി.എം.കെ സംഘടിപ്പിച്ചത്. പുതിയ ശക്തികൾക്കൊന്നും ഡി.എം.കെയെ തൊടാനാകില്ലെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. ‌ഡി.എം.കെയെ മാറ്റണമെന്ന് പറഞ്ഞവരല്ലാം മാറിപോയതെ ഉള്ളൂ. ഡി.എം.കെ ഇവിടെ തന്നെയുണ്ട്- അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ അണ്ണാ ഡി.എം.കെയേയും വിമർശിച്ച അദ്ദേഹം ടി.വി.കെയേയും വിമർശിച്ചു.

തമിഴ്നാട്ടിലെ ജനങ്ങളുടെ പിന്തുണയോടെ ദ്രാവിഡ മോഡൽ 2.0 സർക്കാരിനെ കൊണ്ടുവരുമെന്ന് സ്റ്റാലിൻ പറഞ്ഞു. തമിഴ്നാടിനെ തലകുനിക്കാൻ അനുവദിക്കില്ലെന്ന വാഗ്ദാനത്തോടെ, ഡി.എം.കെ പ്രവർത്തകർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തും. ഡി.എം.കെയെ വീണ്ടും അധികാരത്തിലെത്തിക്കും.

ഇന്ത്യയിലെ ഒരു പ്രസ്ഥാനത്തിനും ഡി.എം.കെയെ പോലെ തത്വാധിഷ്ഠിതരായ പ്രവർത്തകർ ഉണ്ടാകില്ല. ഡി.എം.കെയെ പരാജയപ്പെടുത്താൻ ഒരു പാർട്ടിക്കും കഴിയില്ല. നിങ്ങളുടെ മുഖ്യ പ്രവർത്തകനാകാൻ കഴിഞ്ഞത് എനിക്ക് ലഭിച്ച ഒരു വലിയ പദവിയാണ്.

നമ്മൾ ചരിത്രം സൃഷ്ടിക്കണോ...? നിങ്ങൾ തയ്യാറാണോ...? അദ്ദേഹം ജനക്കൂട്ടത്തോടു ചോദിച്ചു. കാവി നയമാണ് തമിഴ്നാടിന്റെ വികസനത്തിന് തടസം- അദ്ദേഹം പറഞ്ഞു.

കൊടങ്ങിപ്പട്ടിയിലെ ഏകദേശം 50 ഏക്കർ സ്ഥലത്താണ് സമ്മേളന വേദി.

വിമാനത്തിൽ തിരുച്ചിറപ്പള്ളിയിൽ എത്തിയ സ്റ്റാലിൻ, കരൂരിലേക്ക് റോഡ് മാർഗം യാത്ര ചെയ്താണ് എത്തിയത്. തുറന്ന വാഹനത്തിലാണ് സമ്മേളന വേദിയിലെത്തിയത്. മിക്കവാറും എല്ലാ മന്ത്രിമാരും ഡി.എം.കെ നേതാക്കളും പങ്കെടുത്തു.