'സ്വസ്ഥ് നാരി സശക്ത് പരിവാർ' പദ്ധതിക്ക് തുടക്കം
ന്യൂഡൽഹി: സ്ത്രീകളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിലൂടെ കുടുംബങ്ങളെ ശക്തമാക്കാൻ ലക്ഷ്യമിടുന്ന 'സ്വസ്ഥ് നാരി സശക്ത് പരിവാർ' പദ്ധതിക്ക് (എസ്.എൻ.എസ്.പി.എ) തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജൻമദിനത്തിൽ മദ്ധ്യപ്രദേശിലെ ധാറിൽ നടന്ന പരിപാടിയിൽ പദ്ധതിയുടെ ഉദ്ഘാടനം മോദി നിർവ്വഹിച്ചു. സ്ത്രീകൾ സ്വയം ആരോഗ്യ ക്യാമ്പുകളിലെത്തി പരിശോധനകൾ നടത്തണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഒരു ലക്ഷത്തിലേറെ ആരോഗ്യ ക്യാമ്പുകൾ നടത്തും. വിളർച്ച, പ്രമേഹം, അമിതസമ്മർദ്ദം, സ്തനാർബുദം, സെർവിക്കൽ ക്യാൻസർ, ട്യൂബർകുലോസിസ്, സിക്കിൾ സെൽ ഡിസീസ്, ത്വക്ക് രോഗങ്ങൾ, വന്ധ്യത തുടങ്ങിയ രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകളാണ് ക്യാമ്പുകളിൽ നടത്തുക.സ്ത്രീകളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും പോഷകം ഉറപ്പുവരുത്തുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മാതൃ, ശിശു മരണനിരക്ക് കുറയ്ക്കാനും ലക്ഷ്യമിടുന്നു. സശക്ത് പോർട്ടലിലൂടെ പദ്ധതിയുടെ കാര്യക്ഷമത തത്സമയം നിരീക്ഷിക്കും. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ട് വരെയാണ് ആരോഗ്യ ക്യാമ്പുകൾ നടത്തുക. ആയുഷ്‌മാൻ ആരോഗ്യ മന്ദിറുകളിലും കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലുമാണ് ക്യാമ്പ് നടക്കുക.
മാതൃ, ശിശു ആരോഗ്യത്തിൽ കാര്യമായ പോരായ്മകളുണ്ടെന്ന് ദേശീയ ആരോഗ്യ സർവേകളിൽ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവും വനിതാ-ശിശു വികസന മന്ത്രാലയവും ചേർന്ന് പദ്ധതി ആവിഷ്‌കരിച്ചത്. സ്ത്രീകളുടെ സുരക്ഷയും ശാക്തീകരണവും ലക്ഷ്യമിടുന്ന മിഷൻ ശക്തി, കുട്ടികളിലെയും സ്ത്രീകളിലെയും പോഷകാഹാരക്കുറവ് നേരിടുന്നതിനുള്ള പോഷൺ 2.0 എന്നീ പദ്ധതികൾക്കൊപ്പമാണ് ലക്ഷ്യത്തിൽ സ്വസ്ഥ് നാരി സശക്ത് പരിവാർ പദ്ധതിയും.