മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ പ്രതി പിടിയിൽ

Thursday 18 September 2025 1:18 AM IST

നെയ്യാറ്റിൻകര: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ പ്രതി നെയ്യാറ്റിൻകര പൊലീസിന്റെ പിടിയിലായി.ആറ്റുകാൽ ക്ഷേത്രത്തിന് സമീപം ശിവാനന്ദ ഭവനിൽ കൃഷ്ണകുമാറാണ് (58) പിടിയിലായത്.ഇക്കഴിഞ്ഞ മാർച്ചിലാണ് നെയ്യാറ്റിൻകര ആശുപത്രി ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന സ്വർണപ്പണയ സ്ഥാപനത്തിൽ ഇയാൾ തട്ടിപ്പ് നടത്തിയത്.ആശുപത്രി ആവശ്യത്തിനാണെന്ന് പറഞ്ഞ്,തിരിച്ചറിയൽ രേഖകൾ ഹാജരാക്കാതെ 16 ഗ്രാം മുക്കുപണ്ടമാണ് പണയം വച്ചത്.പ്രകാശ്,പുതുവൽ പുത്തൻവീട്,വഴുതൂർ എന്ന മേൽവിലാസമാണ് ഇയാൾ നൽകിയത്.

പിന്നീട് സംശയം തോന്നിയ ജീവനക്കാരി കടയുടമയെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് വ്യക്തമായത്.തുടർന്ന് നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകി.സമാന രീതിയിൽ ബാലരാമപുരത്തും മറ്റ് സ്ഥലങ്ങളിലും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് ഇയാൾ നടത്തിയിട്ടുണ്ടെന്ന് പറയുന്നു.സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.നെയ്യാറ്റിൻകര സി.ഐ എസ്.ബി.പ്രവീൺ,എസ്.ഐ അനീഷ്,അസിസ്റ്റന്റ് എസ്.ഐ പ്രേം ലാൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.