ലോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിച്ച പ്രതി അറസ്റ്റിൽ

Thursday 18 September 2025 2:35 AM IST

കൊടുങ്ങല്ലൂർ : ഓൺലൈനായി ലോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് 55,000രൂപ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. മലപ്പുറം വേങ്ങര കണ്ണാട്ടിപടി അക്ഷയ് (24) എന്നയാളെയാണ് മലപ്പുറത്ത് നിന്ന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂൺ മൂന്നിനായിരുന്നു സംഭവം. എറിയാട് ചെമ്മാലിൽ വീട്ടിൽ ശ്രീക്കുട്ടിയുടെ(30) വാട്‌സ് ആപ്പ് നമ്പറിലേക്ക് ചെന്നെയിലുള്ള ഫിസ് ഗ്ലോബൽ സൊലൂഷൻ എന്ന സ്ഥാപനത്തിൽ നിന്ന് ഓൺലൈൻ ലോൺ നൽകാമെന്ന് വ്യാജ പരസ്യം അയച്ചുകൊടുത്ത് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. 50,000 ലോൺ എടുക്കാൻ താൽപര്യപ്പെട്ട പരാതിക്കാരിക്ക് ലോൺ കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് ഇവരിൽ നിന്നും പല തവണകളായി പ്രതികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 55,000രൂപ ട്രാൻസ്ഫർ ചെയ്യിപ്പിച്ച് തട്ടിയെടുത്തെന്നാണ് പരാതി. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബി.കെ.അരുൺ, കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സി.രമേഷ്, എസ്.ഐ കെ.സാലിം, ജി.എസ്.ഐ സി.എം.തോമസ്, ജി.എസ്.സി.പി.ഒ കിഷോർ ചന്ദ്രൻ, സി.പി.ഒ വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.