കണ്ണീരീൽ മുങ്ങി ഗാസ,​ മരണം 65,000 കടന്നു

Thursday 18 September 2025 7:22 AM IST

ജനം ഒഴിയണമെന്ന് ഇസ്രയേൽ പറയുന്നു. എന്നാൽ എവിടേക്കാണ് ഇവർ പോകേണ്ടത് ? ഗാസയിൽ ഇനി സുരക്ഷിത ഇടമില്ല. തെക്കൻ ഗാസയിലേക്ക് പോകാൻ ഇസ്രയേൽ പറയുന്നു. ലക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന തെക്കൻ ഗാസയിലും വ്യോമാക്രമണം തുടരുകയാണ്.

ആഗോള തലത്തിൽ ഒറ്റപ്പെടുമ്പോഴും ഹമാസിനെ തുടച്ചുനീക്കാതെ യുദ്ധം നിറുത്തില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇസ്രയേൽ. ഓരോ ആക്രമണവും കവരുന്നത് ആയിരക്കണക്കിന് നിരപരാധികളുടെ ജീവനാണ്. 2023 ഒക്ടോബറിൽ യുദ്ധം തുടങ്ങിയത് മുതൽ ഗാസയിൽ മരിച്ചുവീണവരുടെ എണ്ണം 65,000 കടന്നു. ഇതിൽ 146 കുട്ടികൾ ഉൾപ്പെടെ 432 പേർ പട്ടിണി മൂലം മരിച്ചവരാണ്.

ഗാസയുടെ ഹൃദയമെന്നാണ് ഗാസ സിറ്റി അറിയപ്പെടുന്നത്. ആഗസ്റ്റ് 10ന് ഗാസ സിറ്റി പിടിച്ചെടുക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചത് മുതൽ നഗരത്തിലെ 1,600 കെട്ടിടങ്ങളും 13,000 അഭയാർത്ഥി ടെന്റുകളും തകർക്കപ്പെട്ടതായി ഹമാസ് പറയുന്നു.

ഗാസ സിറ്റി ഇപ്പോഴും ഹമാസിന്റെ ശക്തി കേന്ദ്രമാണെന്ന് കാട്ടിയാണ് ചൊവ്വാഴ്ച ഇസ്രയേൽ കരയുദ്ധം തുടങ്ങിയത്. 3,000ത്തോളം ഹമാസ് അംഗങ്ങൾ ഇവിടെയുണ്ടെന്നാണ് ഇസ്രയേലിന്റെ കണക്കുകൂട്ടൽ. ഗാസ സിറ്റിയിലെ ജനം ഒഴിയണമെന്ന് ഇസ്രയേൽ പറയുന്നു. എന്നാൽ എവിടേക്കാണ് ഇവർ പോകേണ്ടത് ? ഗാസയിൽ ഇനി സുരക്ഷിത ഇടമില്ല. തെക്കൻ ഗാസയിലേക്ക് പോകാൻ ഇസ്രയേൽ പറയുന്നു. എന്നാൽ, ലക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന തെക്കൻ ഗാസയിലും വ്യോമാക്രമണങ്ങൾ തുടരുകയാണ്.

മതിയായ ഭക്ഷണമോ വെള്ളമോ മരുന്നോ ഇല്ലാതെ നരക യാതനയിലാണ് തെക്കൻ ഗാസയിലെ മനുഷ്യർ. ഗാസ സിറ്റിയിലെ ആളുകൾ കൂടിയെത്തിയാൽ സ്ഥിതി അതീവ ഗുരുതരമാകും. രോഗങ്ങളും പടരും. ഇക്കാരണങ്ങളാൽ പലരും ഗാസ സിറ്റി വിടാൻ വിമുഖത കാട്ടുന്നു.

ആഗസ്റ്റിൽ 9,00,000 ജനങ്ങളാണ് ഗാസ സിറ്റിയിലുണ്ടായിരുന്നത്. കരയുദ്ധ പശ്ചാത്തലത്തിൽ ആയിരങ്ങളാണ് എല്ലാം ഇട്ടെറിഞ്ഞ് പലായനം ചെയ്തത്. ഫ്രാൻസ്, യു.കെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങൾ ഈ മാസം പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കെയാണ് ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നത്.