പാക്-സൗദി പ്രതിരോധ കരാർ: ഇന്ത്യയുടെ  ദേശീയ സുരക്ഷയ്ക്ക് തിരിച്ചടിയാകുമോ? പഠനം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം

Thursday 18 September 2025 11:50 AM IST

ന്യൂഡൽഹി: പാക്-സൗദി പ്രതിരോധ ഉടമ്പടിയിൽ പ്രതികരണവുമായി ഇന്ത്യ. കരാറുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങൾ പഠിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺവീർ ജയ്സ്വാൾ അറിയിച്ചു. 'സൗദി അറേബ്യയും പാകിസ്ഥാനും തമ്മിൽ തന്ത്രപരമായ പ്രതിരോധ കരാറിൽ ഒപ്പുവെച്ചതായ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ ദീർഘകാലത്തേക്കുള്ള ക്രമീകരണങ്ങളെക്കുറിച്ച് കേന്ദ്ര സർക്കാരിന് അറിയാമായിരുന്നു'. ജയ്‌സ്വാൾ പറഞ്ഞു.

ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കും പ്രാദേശികവും ആഗോളമായ സ്ഥിരതയ്ക്കും പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമോ എന്നതിനെക്കുറിച്ചും ജയ്സവാളിന്റെ കറാറിൽ പറയുന്നു. രാജ്യത്തിന്റെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും എല്ലാ മേഖലകളിലും സമഗ്രമായ ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ക്ഷണപ്രകാരം പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ബുധനാഴ്ച നടത്തിയ സന്ദർശനത്തിനിടെയാണ് ഇരു രാജ്യങ്ങളും “സ്ട്രാറ്റജിക് മ്യൂച്വൽ ഡിഫൻസ് എഗ്രിമെന്റ്” എന്ന കരാറിൽ ഒപ്പുവച്ചത്. സൗദിയും പാകിസ്ഥാനും തമ്മിലുള്ള പ്രതിരോധ സഹകരണം വികസിപ്പിക്കാനും ഏതൊരു ആക്രമണത്തിനെതിരെയും സംയുക്തമായ പ്രതിരോധം ശക്തിപ്പെടുത്താനുമാണ് കരാറിലൂടെ ലക്ഷ്യമിടുന്നതെന്ന് സൗദി പ്രസ് ഏജൻസി പ്രസിദ്ധീകരിച്ച പ്രസ്താവനയെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഏതെങ്കിലും ഒരു രാജ്യത്തിനെതിരെയുള്ള ഏതൊരു ആക്രമണവും ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നും കരാറിൽ പറയുന്നു. സൗദി അറേബ്യയും പാകിസ്ഥാനും തമ്മിൽ എട്ട് പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ചരിത്രപരമായ പങ്കാളിത്തത്തെ അടിസ്ഥാനമാക്കിയാണ് പ്രതിരോധ കരാറിൽ ഒപ്പിട്ടിരിക്കുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു.

ഖത്തറിലെ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണം നടന്നതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഇരു രാജ്യങ്ങളും പ്രതിരോധ കരാറിൽ ഒപ്പുവച്ചിരിക്കുന്നത്. അതേസമയം, ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സൈനിക ദൗത്യങ്ങളിലൂടെ ഇന്ത്യ അടുത്തിടെ പാകിസ്ഥാനെ ആക്രമിച്ചിരുന്നു.

നിലവിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ താൽക്കാലിക വെടിനിർത്തൽ നിലവിലുണ്ട്.മാത്രമല്ല ഇന്ത്യയുമായി അടുത്തബന്ധം പുലർത്തുന്ന സൗദി, പാകിസ്ഥാനുമായി സൈനിക കരാറിൽ ഏർപ്പെട്ടതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണതകളിലേക്ക് നീങ്ങുകയാണ്.