മോദിയോടൊപ്പം ഏറെക്കാലം ഒരുമിച്ച് താമസിച്ച അബ്ബാസ് റാംസാദ; പിന്നീട് താമസമാക്കിയത് ഓസ്‌ട്രേലിയയിൽ

Thursday 18 September 2025 12:31 PM IST

ന്യൂഡൽഹി: ഇന്നലെയാണ് രാജ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാം പിറന്നാൾ ആഘോഷിച്ചത്. ഗുജറാത്തിലെ മെഹ്‌സാനയിൽ 1950 സെപ്‌തംബർ 17ന് ജനിച്ച മോദിയുടെ പിറന്നാളിനോടനുബന്ധിച്ച് രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികൾക്കാണ് കേന്ദ്രസർക്കാരും ബി.ജെ.പിയും തുടക്കമിട്ടിരിക്കുന്നത്. ഇതിനിടെ മോദിയുടെ ജീവിതവഴികളിൽ തുടക്കകാലത്ത് സന്തതസഹചാരിയായിരുന്ന ഒരാളുടെ പേര് വീണ്ടും ചർച്ചകളിൽ നിറയുകയാണ്.

കുട്ടിക്കാലത്ത് വദ്‌‌നഗറിലെ വീട്ടിൽ മോദിയുടെ കുടുംബത്തിനൊപ്പം താമസിച്ചിരുന്ന അബ്ബാസ് റാംസാദയാണ് വീണ്ടും ശ്രദ്ധനേടുന്നത്. മോദിയുടെ പിതാവ് ദാമോ‌ദർദാസ് മോദിയുടെ സുഹൃത്ത് മിയാൻഭായിയുടെ മകനാണ് അബ്ബാസ് റാംസാദ. വദ്‌‌നഗറിന് സമീപത്തെ കെസിംപ സ്വദേശിയാണ് അദ്ദേഹം. മിയാൻഭായിയുടെ മരണശേഷം പഠനം മുടങ്ങാതിരിക്കാനാണ് ദാമോ‌ദർദാസ് അബ്ബാസിനെ സ്വന്തം വീട്ടിലെത്തിച്ചത്. കെസിംപയിലെ സ്‌കൂളുകളിൽ അഞ്ചാം ക്ളാസ് വരെ മാത്രമാണുണ്ടായിരുന്നത്.

2022ൽ അമ്മ ഹീരാബെന്നിന്റെ 100-ാം ജന്മദിനാഘോഷത്തിനിടെ മോദി പങ്കുവച്ച ബ്ളോഗിൽ അബ്ബാസിനെക്കുറിച്ചും പരാമർശിച്ചിരുന്നു. ഇതോടെയാണ് അദ്ദേഹത്തിന്റെ പേര് വാർത്തകളിൽ നിറഞ്ഞത്. 'സുഹൃത്തിന്റെ അപ്രതീക്ഷിത മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ മകൻ അബ്ബാസിനെ പിതാവ് വീട്ടിലേയ്ക്ക് കൊണ്ടുവന്നു. ഞങ്ങളോടൊപ്പം താമസിച്ചാണ് അബ്ബാസ് പഠനം പൂർത്തിയാക്കിയത്. സ്വന്തം മക്കളോടെന്നപ്പോലെതന്നെയാണ് അമ്മ അബ്ബാസിനെ സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്തത്. എല്ലാക്കൊല്ലവും ഈദിന് അമ്മ അബ്ബാസിന്റെ ഇഷ്ടപ്പെട്ട വിഭവങ്ങൾ തയ്യാറാക്കുമായിരുന്നു. ഉത്സവനാളുകളിൽ അയൽപ്പക്കത്തെ മറ്റുകുട്ടികളും അമ്മ തയ്യാറാക്കിയ ആഹാരങ്ങൾ കഴിക്കാൻ ഞങ്ങളുടെ വീട്ടിൽ വരുമായിരുന്നു'- എന്നായിരുന്നു മോദി കുറിച്ചത്.

മോദിയുടെ സഹോദരൻ പങ്കജ് മോദിയുടെ ക്ളാസിലാണ് അബ്ബാസ് പഠിച്ചിരുന്നത്. പഠനത്തിൽ മിടുക്കനായിരുന്ന അബ്ബാസ് മെട്രികുലേഷൻ പരീക്ഷയിൽ ഉയർന്ന മാർക്കും നേടിയിരുന്നു. ഈ സമയത്ത് ആർഎസ്എസ് പ്രചാരകനായി പ്രവർത്തിക്കാൻ മോദി അഹമ്മദാബാദിലേയ്ക്ക് താമസം മാറിയിരുന്നു.

പങ്കജ് മോദിക്കും അബ്ബാസിനും ഒരേസമയം തന്നെ സർക്കാർ ജോലി ലഭിക്കുകയും ചെയ്തു. പങ്കജിന് ഇൻഫർമേഷൻ വകുപ്പിലും അബ്ബാസിന് സിവിൽ സപ്ളൈസ് വകുപ്പിലുമാണ് ജോലി ലഭിച്ചത്. 2022-ൽ അബ്ബാസ് സർക്കാർ സർവീസിൽ നിന്ന് വിരമിക്കുകയും പിന്നീട് ഇളയ മകനോടൊപ്പം ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലേക്ക് പോകുകയും ചെയ്തു.

മോദിയുടെ കുടുംബം തന്റെ ജീവിതം രൂപപ്പെടുത്തുന്നതിൽ വഹിച്ച വലിയ പങ്കിനെക്കുറിച്ച് അബ്ബാസ് തന്നെ മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി മോദിയെക്കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകത്തിൽ, തനിക്ക് ലഭിച്ച പിന്തുണയ്ക്കും വാത്സല്യത്തിനും അദ്ദേഹം നന്ദി പറയുന്നുണ്ട്.