75കാരനുമായി യുഎസ് പൗരയ്ക്ക് പ്രണയം, വിവാഹം കഴിക്കാൻ പഞ്ചാബിലെത്തിയപ്പോൾ ക്രൂരമായി കൊലപ്പെടുത്തി
ലുധിയാന: വിദേശത്ത് നിന്ന് പഞ്ചാബിൽ എത്തിയ 71കാരിയായ ഇന്ത്യൻ വംശജയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു.യുഎസ് പൗരയായ രൂപീന്ദർ കൗർ പാണ്ഡെറെയാണ് മരിച്ചത്. യുകെ പ്രവാസിയായ ലുധിയാന സ്വദേശി ചരൺജിത് സിംഗ് ഗ്രെവാളാണ് സത്രീയെ കൊലപ്പെടുത്തിയത്. ഇയാളെ വിവാഹം കഴിക്കുന്നതിനായി എത്തിയപ്പോഴായിരുന്നു ദാരുണമായ സംഭവം.
ജൂലായിൽ നടന്ന സംഭവത്തെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് പൊലീസ് വിവരങ്ങൾ പുറത്തുവിട്ടത്. 75കാരനായ ചരൺജിത് സിംഗ് ഗ്രെവാളിന്റെ ക്ഷണപ്രകാരമാണ് രൂപീന്ദർ ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെത്തിയശേഷം ഗ്രെവാൾ മറ്റൊരാളെ കൊലപാതകത്തിനായി ഏർപ്പാട് ചെയ്യുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് മൽഹ പട്ടി സ്വദേശിയായ സുഖ്ജീത് സിംഗ് സോനുവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്.
രൂപീന്ദറിനെ തന്റെ വീട്ടിൽ വച്ച് കൊലപ്പെടുത്തിയെന്നും മൃതദേഹം സ്റ്റോർ മുറിയിലിട്ട് കത്തിച്ചുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. അമ്പത് ലക്ഷം വാഗ്ദാനം ചെയ്താണ് ഗ്രെവാൾ കൊലപാതകത്തിനായി സോനുവിനെ സമീപിച്ചതെന്നും പൊലീസ് പറയുന്നു.
ജൂലായ് 24-ന് രൂപീന്ദറിന്റെ ഫോൺ സ്വിച്ച് ഓഫ് ആയതോടെയാണ് സഹോദരിക്ക് സംശയം തോന്നുകയും പിന്നീട് ജൂലായ് 28 ന് ന്യൂഡൽഹിയിലുള്ള യുഎസ് എംബസിയിൽ വിവരമറിയിക്കുകയും ചെയ്തത്. ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് രൂപീന്ദർ ഗ്രെവാളിന് വലിയൊരു തുക കൈമാറിയിരുന്നതായും പൊലീസ് കണ്ടെത്തി. ഇതാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
കേസിൽ ഒളിവിൽ പോയ ഗ്രെവാളിനെ കണ്ടു പിടിക്കാനുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. സോനുവിന്റെ മൊഴിയെ മുൻനിർത്തി രൂപീന്ദറിന്റെ അസ്ഥികൂടവും മറ്റ് തെളിവുകളും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
.