കള്ളിയങ്കാട്ട് നീലി വാണരുളുന്ന ഇടം ഇവിടെയാണ്; ചന്ദ്രയെപ്പോലെ ആരും ഇല്ലാത്തവർക്ക് തുണ, ദുഷ്ടൻമാർക്ക് പേടിസ്വപ്നം
കേരളത്തിൽ നാലാൾ കൂടുന്നിടത്തെ ഇപ്പോഴത്തെ സംസാരവിഷയം സൂപ്പർഹിറ്റ് സിനിമയായ ലോക ചാപ്റ്റർ1- ചന്ദ്രയെക്കുറിച്ചും കല്യാണി പ്രിയദർശൻ അവതരിപ്പിച്ച അതിലെ കേന്ദ്ര കഥാപാത്രമായ ചന്ദ്രയെക്കുറിച്ചുമാണ്. ആ സിനിമയുടെ വിജയം കള്ളിയങ്കാട്ട് നീലി എന്ന ഐതിഹ്യ കഥാപാത്രത്തെ മലയാളികൾക്ക് പ്രിയങ്കരിയാക്കി. വാമൊഴിയായി തലമുറകളിലൂടെ കൈമാറിവരുന്ന യക്ഷിയായ കളളിയങ്കാട്ടു നീലി ജെൻ സിക്ക് ഇപ്പോൾ സൂപ്പർ പവറുള്ള നീലിയാണ്. നീലിയുമായി ബന്ധപ്പെട്ടതെന്തും അവർക്ക് വേണ്ടപ്പെട്ടതാണ്.
കളളിയങ്കാട്ടു നീലിക്ക് നമ്മുടെ തൊട്ടടുത്ത് തമിഴ്‌നാട്ടിൽ ക്ഷേത്രമുണ്ട്. നടതുറക്കുന്ന ദിവസങ്ങളിൽ തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽ നിന്നും നിരവധിപേരാണ് ഇവിടേക്ക് എത്തുന്നത്. സിനിമ ഇറങ്ങുന്നതിനുമുമ്പുതന്നെ അമ്പലം പ്രശസ്തമായിരുന്നു. സിനിമ പുറത്തുവന്നതോടെ ക്ഷേത്രത്തിന്റെ പ്രശസ്തി ഒന്നുകൂടി വർദ്ധിച്ചു. തിരുവനന്തപുരത്തുനിന്ന് ഏകദേശം 60 കിലോമീറ്റർ അകലെ നാഗർകോവിലിന് സമീപത്ത് പാർവതീപുരത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. റാേഡിന് സമീപത്താണ് ക്ഷേത്രമെന്നതിനാൽ എളുപ്പത്തിൽ എത്തിച്ചേരാം. തിരുവനന്തപുരത്തുനിന്ന് ബസിലാണ് യാത്രയെങ്കിൽ നാഗർകോവിൽ ബസിൽ കയറി ചുങ്കൻ കട എന്ന ജംഗ്ഷനിൽ ഇറങ്ങുക. ഇവിടെനിന്ന് കളളിയങ്കാടുവഴി പോകുന്ന ബസിൽ കയറി കളളിയങ്കാട് എന്ന സ്റ്റോപ്പിൽ ഇറങ്ങിയാൽ മതി. നടതുറക്കുന്ന ചൊവ്വ, വെള്ളി ദിവസങ്ങളിലാണെങ്കിൽ നിരവധിപേർ സ്റ്റോപ്പിൽ ഇറങ്ങാനുണ്ടാവും.
ഐതിഹ്യങ്ങളിൽ പരാമർശിക്കുന്നതുപോലെ ചെറിയ, ഇരുണ്ട കാടിനോട് ചേർന്നാണ് ക്ഷേത്രം. ക്ഷേത്രത്തിനോട് ചേർന്നുതന്നെ കളളിച്ചെടികളും ധാരാളമുണ്ട്. കളളിയങ്കാട് എന്ന പേരുവരാൻ കാരണം കളളിച്ചെടികളാണ് എന്നാണ് കരുതുന്നത്. ഭദ്രകാളിയുടെയും ഗണപതിയുടെയും പ്രതിഷ്ഠയുണ്ട്. മാർച്ച്- ഏപ്രിൽ മാസങ്ങളിലാണ് വാർഷിക ഉത്സവം നടക്കുന്നത്. ഏറെ ഭക്തർ വരുന്നത് അപ്പോഴാണെന്നാണ് സമീപവാസികൾ പറയുന്നത്.
നടതുറക്കുന്ന ദിവസങ്ങളിൽ ഉച്ചയ്ക്കുശേഷം ക്ഷേത്രത്തിൽ അന്നദാനമുണ്ട്. ഇതിൽ പങ്കെടുത്താൽ അനുഗ്രഹം ലഭിക്കുമെന്നാണ് ഭക്തർ വിശ്വസിക്കുന്നത്. വിശ്വസിച്ചെത്തുന്നവരെ ഒരിക്കലും നീലി നിരാശയാക്കില്ലത്രേ. കല്യാണം നടക്കാത്തവരും കുട്ടികളുണ്ടാകാത്തവരും ജോലി കിട്ടാത്തവരും ഇവിടെയെത്തി മനമുരുകി പ്രാർത്ഥിച്ചാൽ അത് ഉറപ്പായും നടന്നിരിക്കുമെന്നാണ് വിശ്വാസം. എന്നാൽ അത്ര നന്നല്ലാത്ത ലക്ഷ്യത്തോടെ ഇവിടേയ്ക്ക് വരാൻ ശ്രമിക്കുന്നവരെ ക്ഷേത്രത്തിന് പരിസരത്തുപോലും എത്തിക്കില്ലെന്നാണ് വിശ്വാസികൾ പറയുന്നത്. മന്ത്രവാദത്തിനും മറ്റും ഇവിടേക്ക് എത്തിയ നിരവധിപേർക്ക് അത്തരത്തിലുള്ള അനുഭവമുണ്ടായിട്ടുണ്ടത്രേ. സിനിമയിലെ ചന്ദ്രയെപ്പോലെ ആരും ഇല്ലാത്തവർക്ക് തുണയാകുന്നതിനൊപ്പം ദുഷ്ടശക്തികളെ ഒതുക്കാനും നീലി എപ്പോഴും ഉണ്ടാകും എന്നും ഭക്തർ ഉറച്ച് വിശ്വസിക്കുന്നു.