ടോയ്‌ലറ്റ് മാറ്റിയപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല, ചുറ്റുമുള്ളവരും അമ്പരന്നു; പിന്നാലെ അറസ്റ്റ്
മദ്യം ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങളുള്ള സംസ്ഥാനമാണ് ഗുജറാത്ത്. എന്നിരുന്നാലും പലയിടത്തും അനധികൃത മദ്യ വ്യാപാരം നടക്കുന്നുണ്ട്. അത്തരത്തിൽ കഴിഞ്ഞ മാസം ഗുജറാത്തിലെ ഒരു വീട്ടിൽ നിന്ന് മദ്യം പിടികൂടുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ബരേജ താലൂക്കിലെ ഒരു വീട്ടിൽ അഹമ്മദാബാദ് പൊലീസ് നടത്തിയ പരിശോധനയിൽ എണ്ണൂറോളം മദ്യക്കുപ്പികൾ പിടിച്ചെടുത്തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മദ്യം കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമായിരിക്കെയാണ് ഇത്രയും കുപ്പികൾ ടോയ്ലറ്റിനുള്ളിൽ ഒളിപ്പിച്ചത്.
ഒരു ഉദ്യോഗസ്ഥൻ ടോയ്ലറ്റ് എടുത്തുമാറ്റുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. തുടർന്ന് അദ്ദേഹം ഫോണും വാച്ചുമെല്ലാം സഹപ്രവർത്തകരെ ഏൽപ്പിച്ചശേഷം ടോയ്ലറ്റിന്റെ ഉള്ളിലുള്ള കുഴിയിലേക്ക് ഇറങ്ങുന്നതാണ് വീഡിയോയിലുള്ളത്. ഇതിൽ നിന്നാണ് എണ്ണൂറോളം കുപ്പികൾ കണ്ടെത്തിയത്. ഉദ്യോഗസ്ഥർ അടക്കം അക്ഷരാർത്ഥത്തിൽ അമ്പരന്നു. പിന്നാലെ ഇവരെ അറസ്റ്റ് ചെയ്‌തെന്നാണ് വിവരം.
വീഡിയോ വളരെവേഗം സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ സംസ്ഥാനത്ത് മദ്യവിൽപ്പന നിയമവിധേയമാക്കണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. 'മദ്യ വിൽപ്പന നിയമവിധേയമാക്കുക, ഓരോ ഇടപാടിനും നികുതി ചുമത്തുക'- എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.