16കാരന് ലൈംഗിക​ ​പീ​ഡ​നം; ലക്ഷങ്ങളുടെ ഇടപാട് നടന്നതായി വിവരം, ലോഡ്‌ജുകാർക്ക് പങ്കുണ്ടെന്ന് സൂചന

Thursday 18 September 2025 4:56 PM IST

കാ​സ​ർ​കോ​ട്:​ ​ ച​ന്തേ​ര​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​പ​രി​ധി​യി​ൽ​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ ​ആ​ൺ​കു​ട്ടി​യെ​ ​ലൈംഗിക​ ​പീ​ഡ​ന​ത്തി​ന് ​ഇ​ര​യാ​ക്കി​യ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സ്വവർഗരതിക്കാർക്കായുള്ള ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപയുടെ ഇടപാട് നടന്നതായാണ് വിവരം. ചില ലോഡ്‌ജുകൾ കേന്ദ്രീകരിച്ചുനടന്ന പീഡനത്തിലും സാമ്പത്തിക ഇടപാടുകളിലും ലോഡ്‌ജ് നടത്തിപ്പുകാർക്കും പങ്കുള്ളതായി വിവരമുണ്ട്. പീഡനം നടന്ന സ്ഥലങ്ങളിൽ തെളിവെടുപ്പ് ആരംഭിച്ചിരിക്കുകയാണ് പൊലീസ്. കേസിൽ ഇതുവരെ 12 പേരാണ് അറസ്റ്റിലായത്.

കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഡേറ്റിംഗ് ആപ്പിനെതിരെ നിയമനടപടി സ്വീകരിക്കുന്നത് ആലോചനയിലുണ്ടെന്ന് കാസർകോട് ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി പറഞ്ഞു. ആപ്പുകളിൽ ലോഗിൻ ചെയ്യാൻ വ്യക്തിവിവരങ്ങളും തിരിച്ചറിയൽ രേഖകളും നിർബന്ധമാക്കുന്നതിന്റെ സാദ്ധ്യതകൾ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടിയുമായി ഡേറ്റിംഗ് ആപ്പ് വഴി ബന്ധം സ്ഥാപിച്ച ശേഷം ജില്ലയ്ക്ക് അകത്തും പുറത്തും വിവിധ സ്ഥലങ്ങളിൽ എത്തിച്ചാണ് പീഡിപ്പിച്ചത്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ് പ്രതികൾ. 16കാരന്റെ വീട്ടിലെത്തിയ ഒരാളെ മാതാവ് കണ്ടതാണ് വിവരം പുറത്തറിയാൻ കാരണം. മാതാവിനെ കണ്ടയുടനെ ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നാലെ മാതാവ് ചന്തേര പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് കുട്ടിയെ ചൈൽഡ് ലൈനിൽ ഹാജരാക്കി ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്.

രണ്ടു വർഷമായി കുട്ടി പീഡനത്തിന് ഇരയായി എന്നാണ് വിവരം. നിലവിൽ 14 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ കാസ‌ർകോട് ജില്ലയിൽ മാത്രം എട്ടു കേസുകളാണുള്ളത്. പീഡനത്തിന് ശേഷം കുട്ടിക്ക് പ്രതികൾ പണം നൽകിയിരുന്നതായും വിവരമുണ്ട്. കേസിൽ നാല് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.