'ബിജെപിക്ക് തമിഴ്‌നാട്ടിൽ പ്രവേശനമില്ല, മോദി മാജിക് ഇവിടെ വിലപ്പോകില്ല'; എംകെ സ്റ്റാലിൻ

Thursday 18 September 2025 5:19 PM IST

ചെന്നൈ: തമിഴ്‌നാടിന്റെ അവകാശങ്ങളും ഭാഷയും സ്വത്വവും സംരക്ഷിക്കുമെന്നും സംസ്ഥാനത്തെ ഒരിക്കലും തലകുനിക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സ്ഥാപക ദിനവും പെരിയാറിന്റെയും അണ്ണായുടെയും ജന്മവാർഷികവും പ്രമാണിച്ച് കരൂരിൽ നടന്ന 'മൂപ്പെരും വിഴ'യിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാരിനെയും ബിജെപിയെയും സ്റ്റാലിൻ കടന്നാക്രമിക്കുകയും ചെയ്‌തു. ഇരട്ട അക്ക സാമ്പത്തിക വളർച്ച കൈവരിച്ച ഏക സംസ്ഥാനം തമിഴ്‌നാടാണെന്ന് പറഞ്ഞുകൊണ്ട് സർക്കാരിന്റെ പ്രധാന പദ്ധതികളും നേട്ടങ്ങളും സ്റ്റാലിൻ വിശദീകരിക്കുകയും ചെയ്‌തു.

ബിജെപിക്കെതിരായ ശക്തമായ നിലപാടും കേന്ദ്രത്തിന്റെ അമിതമായ ഇടപെടലിനെക്കുറിച്ചും സ്റ്റാലിൻ പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഹിന്ദി അടിച്ചേൽപ്പിക്കൽ മുതൽ വിദ്യാഭ്യാസ ഫണ്ട് തടഞ്ഞുവയ്‌ക്കൽ വരെയുള്ള കാര്യങ്ങൾ അദ്ദേഹം പറഞ്ഞു. തമിഴ്‌നാടിനുമേൽ കേന്ദ്രം സാംസ്‌കാരികവും ഭരണപരവുമായ കാര്യങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്ന് സ്റ്റാലിൻ ആരോപിച്ചു. മണ്ഡല പുനർനിർണയവും മറ്റ് ഇടപെടലുകളും പോലുള്ള നടപടികളിലൂടെ സംസ്ഥാനങ്ങളുടെ അധികാരങ്ങൾക്ക് ഭീഷണിയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ ഇപ്പോൾ തടഞ്ഞില്ലെങ്കിൽ അവർ സംസ്ഥാനങ്ങളില്ലാത്ത ഒരു രാജ്യത്തെ സൃഷ്‌ടിക്കും. ബിജെപിക്ക് തമിഴ്‌നാട്ടിൽ പ്രവേശനമില്ല. മൂന്നാം തവണ അധികാരത്തിൽ വന്നിട്ടും മോദി മാജിക് തമിഴ്‌നാട്ടിൽ വിലപ്പോകില്ലെന്നും സ്റ്റാലിൻ പറഞ്ഞു.