25 കോടിയുടെ തട്ടിപ്പ്: അറസ്റ്റിലായ സുജിത കൊച്ചിയിലെത്തിയത് തിരുമൽ ജോലിക്ക്
കൊച്ചി: എറണാകുളത്തെ ഫാർമസ്യൂട്ടിക്കൽസ് ഉടമയ്ക്ക് 25കോടിരൂപ നഷ്ടമായ ഓൺലൈൻ തട്ടിപ്പ് കേസിൽ അറസ്റ്റിലായ കൊല്ലം അഞ്ചൽ സ്വദേശിനി സുജിത പാലാരിവട്ടത്തെ സ്പാകേന്ദ്രത്തിൽ തിരുമൽ ജോലി ചെയ്തിരുന്നതായി കൊച്ചി സിറ്റി സൈബർപൊലീസ് കണ്ടെത്തി. ഇവിടെ ജോലിചെയ്യുമ്പോൾ പരിചയപ്പെട്ട ഷാജി എന്നയാളാണ് യുവതിയെ ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുമായി പരിചയപ്പെടുത്തിയത്. ഇയാൾ രാസലഹരി കേസുമായി ബന്ധപ്പെട്ട് ജയിലിലാണ്.
പാലാരിവട്ടത്തെ ബാങ്കിൽ തിരുവനന്തപുരത്തെ വീടിന്റെ മേൽവിലാസം നൽകി സുജിത ആരംഭിച്ച അക്കൗണ്ടിലാണ് നാലുലക്ഷംരൂപ ഫാർമസ്യൂട്ടിക്കൽ ഉടമ ഇട്ടത്. ഈ അക്കൗണ്ടിൽനിന്ന് സുജിത പണംകൈമാറിയവരെക്കുറിച്ച് സൈബർപൊലീസ് വിവരങ്ങൾ ശേഖരിച്ചു. സുജിതയുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുകയാണ്. പാലാരിവട്ടത്തെ ബാങ്കിന് പുറമെ മറ്റ് നിരവധി ബാങ്കുകളിലും അക്കൗണ്ടുള്ളതായി കണ്ടെത്തി. ഭർത്താവുമായി ബന്ധം വേർപെടുത്തിയ ശേഷമാണ് യുവതി തിരുവനന്തപുരത്തേക്കും തുടർന്ന് കൊച്ചിയിലുമെത്തിയത്.
കഴിഞ്ഞദിവസം സുജിതയെ ആലുവയിലെ വാടകക്കെട്ടിടത്തിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. താൻ വീട്ടുവേലചെയ്ത് ജീവിക്കുന്നുവെന്നാണ് പൊലീസിന് യുവതി നൽകിയ വിശദീകരണം.
അതിനിടെ 25കോടിയുടെ തട്ടിപ്പുകേസിൽ പൊലീസ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സഹായം തേടി. ഏതാനും മാസംമുമ്പ് 116കോടിരൂപയുടെ തട്ടിപ്പുകേസിൽ കോഴിക്കോട് ഇ.ഡി ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.