തൊളിക്കോട് പതിനെട്ടാംകല്ല് അപ്പച്ചിപ്പാറ റോഡിന് ശാപമോക്ഷം
വിതുര: അപ്പച്ചിപ്പാറ റോഡ് ഗതാഗത യോഗ്യമാക്കാൻ ജില്ലാപഞ്ചായത്ത് ഫണ്ട് അനുവദിച്ചു. പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ തൊളിക്കോട് പഞ്ചായത്തിലെ പതിനെട്ടാംകല്ല് ജംഗ്ഷനിൽ നിന്ന് പാറമുകൾ അപ്പച്ചിപ്പാറ മേഖലയിലേക്കുള്ള റോഡ് തകർന്ന് തരിപ്പണമായിട്ട് നാളേറെയായി. സ്കൂൾ വാഹനങ്ങളടക്കം നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. ഗട്ടറുകൾ നിറഞ്ഞുകിടക്കുന്ന റോഡിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതാണ്. സ്വകാര്യവാഹനങ്ങൾ ഓട്ടം വിളിച്ചാൽപോലും വരാറില്ല. മാത്രമല്ല, കാൽനടയാത്രയും അസാദ്ധ്യമാണ്. മഴക്കാലത്ത് റോഡ് ഏറെ തകർച്ചയിലാകും. തകർന്ന റോഡൽ അപകടങ്ങളും പതിവാണ്. ബൈക്കപകടങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അധികൃതർക്ക് പരാതികൾ നൽകുന്നുണ്ടെങ്കിലും നടപടിയുണ്ടായില്ല. റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ എസ്.സുനിത റോഡ് സന്ദർശിക്കുകയും ഗതാഗതയോഗ്യമാക്കാൻ ഫണ്ട് അനുവദിക്കുകയുമായിരുന്നു.
നന്ദി രേഖപ്പെടുത്തി
തൊളിക്കോട് അപ്പച്ചിപ്പാറ റോഡ് ഗതാഗതയോഗ്യമാക്കാൻ ഫണ്ട് അനുവദിച്ച ജില്ലാപഞ്ചായത്തംഗം എസ്.സുനിതക്ക് സി.പി.എം തൊളിക്കോട് ലോക്കൽ കമ്മിറ്റിസെക്രട്ടറി എസ്.എസ്.പ്രേംകുമാർ നന്ദി രേഖപ്പെടുത്തി.
ഓട നിർമ്മിക്കണം
വർഷങ്ങൾക്കു മുമ്പ് റോഡ് ഗതാഗതയോഗ്യമാക്കാൻ ഫണ്ട് അനുവദിച്ചെങ്കിലും യാഥാർത്ഥ്യമായില്ല. റോഡിന്റെ മിക്കഭാഗത്തും ഓടകൾ നിർമ്മിച്ചിട്ടില്ല. ഇതാണ് റോഡ് തകരാൻ കാരണം. കൂടാതെ റോഡിന് വേണ്ടത്ര വീതിയുമില്ല. റോഡിൽ പുറംപോക്ക് കൈയേറ്റവും വ്യാപകമാണ്. റോഡ് ഗതാഗതയോഗ്യമാക്കുമ്പോൾ വീതികൂട്ടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്
അനുവദിച്ച തുക 15 ലക്ഷം രൂപ