ആരോപണങ്ങളിൽ കഴമ്പില്ല; അദാനിക്ക് ക്ലീൻ ചിറ്റ്, ഹിൻഡൻബർഗ് റിപ്പോർട്ട് തള്ളി സെബി
ന്യൂഡൽഹി : അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ വൻതട്ടിപ്പ് നടത്തിയെന്ന ഹിൻഡർബർഗ് റിപ്പോർട്ട് തള്ളി സെക്യൂരിറ്റീസ് ആൻഡ് എക്സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). അദാനി ഗ്രൂപ്പിന് സെബി ക്ലീൻ ചിറ്റ് നൽകി. ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് കൃത്രിമം കാണിച്ചെന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് സെബിയുടെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ അദാനി ഗ്രൂപ്പിനെതിരായ നടപടികൾ അവസാനിപ്പിക്കും.
അദാനി പോർട്സും അദാനി പവറും ഓഹരികളിൽ കൃത്രിമം കാണിച്ചതായി അമേരിക്കൻ ഷോർട്ട് സെല്ലർ കമ്പനിയായ ഹിൻഡർബർഗ് ആരോപിച്ചിരുന്നു. അദാനി ഗ്രൂപ്പ് കമ്പനികൾക്കിടയിൽ പണം കൈമാറാൻ അഡി കോർപ്പ് എന്റർപ്രൈസസ്, മൈൽസ്റ്റോൺ ട്രേഡ്ലിങ്ക്സ്, റെഹ്വർ ഇൻഫ്രാസ്ട്രക്ചർ എന്നീ മൂന്ന് കമ്പനികളെ ഉപയോഗിച്ചെന്നായിരുന്നു ആരോപണം ഉയർന്നത്.
എന്നാൽ ഓഹരി ഉടമകളുടെ മാനദണ്ഡങ്ങളുടെ ലംഘനം നടന്നിട്ടില്ലെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയെന്നും സെബി വ്യക്തമാക്കി. എല്ലാ വായ്പകളും തിരിച്ചടച്ചതായും ഫണ്ടുകൾ ഉദ്ദേശിച്ച ആവശ്യങ്ങൾക്ക് മാത്രമാണ് ഉപയോഗിച്ചതെന്നും തട്ടിപ്പോ അന്യായമായ വ്യാപാര രീതിയോ ഉണ്ടായിട്ടില്ലെന്നും സെബി ചൂണ്ടിക്കാട്ടി. അദാനി ഗ്രൂപ്പ് അഴിമതിയുടെ പാത പിന്തുടരുന്നവരല്ലെന്നും നേരായ മാർഗം സ്വീകരിക്കുന്നവരാണെന്നും മുൻ സെബി എക്സിക്യൂട്ടീവ് ഡയറക്ടർ ജെഎൻ ഗുപ്ത പറഞ്ഞു.നമ്മുടെ രാജ്യത്തിന്റേത് തെറ്റായ വിവരങ്ങളെ പെട്ടെന്ന് ഉൾക്കൊള്ളുകയും ശരിയായ വിവരങ്ങൾ മനസിലാക്കാൻ സമയമെടുക്കുകയും ചെയ്യുന്ന സംവിധാനമാണ്. അതിനാൽത്തന്നെ വസ്തുതകളെ കൃത്യമായി മനസിലാക്കാൻ കാലതാമസമെടുത്തത് കൊണ്ട് നിക്ഷേപകർക്ക് നഷ്ടം സംഭവിച്ചെന്നും ഗുപ്ത കൂട്ടിച്ചേർത്തു. അതേസമയം ഓരോ വീഴ്ചയും ഞങ്ങളുടെ ശക്തിയെ കൂടുതൽ ഉയർത്താനുള്ള ആയുധമാണെന്നാണ് ഗൗതം അദാനി അഭിപ്രായപ്പെട്ടത്.സുപ്രീംകോടതി നിയമിച്ച വിദഗ്ധസമിതിയും മുമ്പ് സമാനമായ കണ്ടെത്തലുകളിലൂടെ ആരോപണം തള്ളിയിരുന്നു.