ജോഷി - ഉണ്ണി മുകുന്ദൻ ചിത്രത്തിൽ പ്രിയങ്ക മോഹൻ, ടൈറ്റിൽ പ്രഖ്യാപനം ഒക്ടോബർ 2ന്

Friday 19 September 2025 6:47 AM IST

ഉണ്ണി മുകുന്ദൻ നായകനായി ജോഷി സംവിധാനം ചെയ്യുന്ന പാൻ-ഇന്ത്യൻ ഹൈ-ഒക്ടേൻ ആക്ഷൻ ചിത്രത്തിൽ തെന്നിന്ത്യൻ താരം പ്രിയങ്ക മോഹൻ നായിക. പ്രിയങ്ക മോഹന്റെ മലയാള അരങ്ങേറ്റം ആണ്. ചിത്രത്തിന്റെ ടൈറ്റിൽ ഒക്ടോബർ 2ന് അണിയറ പ്രവർത്തകർ പുറത്തുവിടും. ഓന്ധ് കഥെ ഹെല്ലാ എന്ന കന്നട ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പ്രിയങ്ക മോഹൻ സൂര്യ നായകനായ എതർക്കും തുണിന്തവൻ എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ എത്തുന്നത്.

ശിവകാർത്തികേയന്റെ നായികയായി ഡോക്ടർ സിനിമയിലൂടെ ശ്രദ്ധേയയായി. ഡോണിലും ശിവകാർത്തികേയന്റെ നായികയായി. ക്യാപ്ടൻ മില്ലറിൽ ധനുഷിന്റെയും ബ്രദറിൽ ജയം രവിയുടെയും നായികയായി അഭിനയിച്ചു. ധനുഷ് സംവിധാനം ചെയ്ത നിലാവുക്ക് എൻ മേൽ എന്നടി കോപത്തിൽ അതിഥി താരമായും പ്രത്യക്ഷപ്പെട്ടു. പവൻ കല്യാൺ നായകനാവുന്ന ഒജി ആണ് റിലീസിന് ഒരുങ്ങുന്ന പ്രിയങ്ക മോഹൻ ചിത്രം.അതേസമയം

ജോഷിയുടെ ജന്മദിനത്തിത്തിലായിരുന്നു ചിത്രത്തിന്റെ പൂജയും സ്വിച്ചോണും. ജോഷിയും ഉണ്ണി മുകുന്ദനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സാങ്കേതിക പ്രവർത്തകർ അണിനിരക്കും. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ, ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ എന്നിവർ ചേർന്നാണ് നിർമ്മാണം. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ്, അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിംഗ് ഒഫ് കൊത്ത എന്നീ ചിത്രങ്ങൾക്കുശേഷം അഭിലാഷ് എൻ ചന്ദ്രൻ തിരക്കഥയും സംഭാഷണമെഴുതുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. കഥാപാത്രത്തിനു വേണ്ടി ഒരു മാസത്തിലധികം ഉണ്ണി മുകുന്ദൻ ദുബായിൽ പരിശീലനത്തിൽ ആയിരുന്നു. ചിത്രീകരണം ഉടൻ കൊടുങ്ങല്ലൂരിൽ ആരംഭിക്കും.