തൃശൂർ -കുറ്റിപ്പുറം പാത: കുരുക്ക് ഒഴിഞ്ഞില്ലെങ്കിലും പ്രതീക്ഷ; കുപ്പിക്കഴുത്ത് ഒഴിയും
- മുണ്ടൂർ പുറ്റേക്കര ഭൂമി ഏറ്റെടുക്കലിന് 25.57 കോടി
തൃശൂർ: പുഴയ്ക്കലിലും കേച്ചേരിയിലും വർഷങ്ങളായി തുടരുന്ന കുരുക്ക് ഒഴിഞ്ഞില്ലെങ്കിലും മുണ്ടൂർ - പുറ്റേക്കര കുപ്പിക്കഴുത്ത് ഭൂമി ഏറ്റെടുക്കലിന് 25.57 കോടി രൂപ അനുവദിച്ചത് ആശ്വാസമായി. തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ മുണ്ടൂർ മുതൽ പുറ്റേക്കര വരെയുള്ള റോഡിന്റെ ഭാഗം നാലുവരി പാതയാക്കി വികസിപ്പിക്കുന്നതിന് ഭൂമി ഏറ്റെടുക്കാൻ 25.57 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. 1.8 കിലോമീറ്റർ റോഡിലെ കുപ്പിക്കഴുത്ത് അടക്കം പരിഹരിച്ച് വികസിപ്പിക്കുന്നതിനാണ് ഭൂമിയേറ്റെടുക്കുന്നത്. ഭൂമിയുടെ വില കെട്ടിടങ്ങളുടെയും ഫലവൃക്ഷങ്ങളുടെയും വില, പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള തുക ഉൾപ്പെടെയാണ് അനുവദിച്ചത്. ഈ തുക പൊതുമരാമത്ത് വകുപ്പ് റവന്യു വകുപ്പിന് കൈമാറുന്നതോടെ വിജ്ഞാപനം പുറപ്പെടുവിച്ച് ഭൂമിയേറ്റെടുക്കലിന്റെ അന്തിമ നടപടികളിലേക്ക് കടക്കാനാകും. 117 സെന്റ് ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. അതേസമയം, കേച്ചേരി ജംഗ്ഷൻ വികസനം നടക്കുമെങ്കിലും മഴുവഞ്ചേരിയിൽ നിന്ന് നാലുവരിയാക്കാനുള്ള നടപടികളായിട്ടില്ല. കെെപ്പറമ്പിൽ നിന്ന് മഴുവഞ്ചേരിയിലേക്കുള്ള വഴി ഇപ്പോഴും കുപ്പിക്കഴുത്തായി അപകടഭീഷണി ഉയർത്തുകയാണ്.
കിഫ്ബിയുടെ ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് ജംഗ്ഷൻ വികസനത്തോടൊപ്പം ഭൂമി ഏറ്റെടുക്കുന്ന നടപടികളും തുടങ്ങാനാകുമെന്നാണ് പറയുന്നത്.
എന്നും അപകടപ്പാത
തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാത 69 ൽ, 1.8 കിലോമീറ്റർ വരുന്ന മുണ്ടൂർ - പുറ്റേക്കര ഭാഗത്ത് വീതി കുറവായതിനാൽ അപകടങ്ങൾ പതിവായതോടെ നാലുവരിപ്പാതയാക്കണമെന്ന ആവശ്യം ദീർഘകാലമായുണ്ട്. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഈ വിഷയം നിയമസഭയിൽ സബ്മിഷൻ ആയി ഉന്നയിക്കുകയും സ്ഥലം സന്ദർശിച്ച മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.
പുഴയ്ക്കലിൽ കുരുക്ക് തന്നെ
പുഴയ്ക്കൽ പാലം ഒക്ടോബർ രണ്ടാം വാരം ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് കെ.എസ്.ടി.പി അധികൃതർ അറിയിച്ചെങ്കിലും നിർമ്മാണത്തിന്റെ ഭാഗമായുളള ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല. ഡിസംബറിനകം തൃശൂർ - കുറ്റിപ്പുറം റോഡിന്റെ പ്രവൃത്തികൾ പൂർത്തിയാക്കുമെന്നും കഴിഞ്ഞദിവസം യോഗത്തിൽ വ്യക്തമാക്കിയിരുന്നു. ശോഭ സിറ്റിക്ക് സമീപമുള്ള മൈനർ ബ്രിഡ്ജിന്റെ ഇടതുഭാഗം പൊളിക്കാനുള്ള തീരുമാനം സബ് കമ്മിറ്റി ചേർന്ന് എടുക്കാനാണ് കളക്ടറുടെ നിർദ്ദേശം. മന്ത്രി പി.എ.മുഹമ്മദ് റിയാസും സ്ഥലം സന്ദർശിച്ചിരുന്നു.
കേച്ചേരി ജംഗ്ഷൻ വികസനത്തിന് നടപടികളായിട്ടുണ്ട്. മഴുവഞ്ചേരി മുതൽ നാലുവരിയാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
-മുരളി പെരുനെല്ലി എം.എൽ.എ