'വിശ്വാസികളോടുള്ള വെല്ലുവിളി'
Friday 19 September 2025 12:17 AM IST
തൃശൂർ: ആചാരലംഘനങ്ങൾക്ക് നേതൃത്വം നൽകിയ സർക്കാർ വിശ്വാസി സമൂഹത്തെ ആക്ഷേപിക്കുന്നതിനാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നതെന്ന് കെ.പി.എം.എസ്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാന ത്തിൽ വലിയൊരു ജനവിഭാഗത്തിന്റെ വികാരങ്ങളെ മാനിക്കാതെ തിടുക്കപ്പെട്ടാണ് ശബരിമലയിൽ യുവതി പ്രവേശനമെന്ന രീതിയിൽ ചില നടപടികൾ സ്വീകരിച്ചത്. ഇതേ കോടതി തന്നെയാണ് ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ച് പിടിച്ച് അവർക്ക് നൽകണമെന്ന് വിധി പ്രഖ്യാപിച്ചത്. ആ വിധിയുടെ മുകളിൽ അടയിരിക്കുന്ന സർക്കാർ തന്നെ ശബരിമലയിൽ യുവതി പ്രവേശനത്തിനും മുന്നോക്ക ജാതിയിലെ പിന്നാക്കാർക്ക് സാമ്പത്തിക സംവരണം അനുവദിക്കുന്നതിനും അവസരമൊരുക്കിയതിന്റെ രാഷ്ട്രീയം നന്നായി ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും കെ.പി.എം.എസ് ജനറൽ സെക്രട്ടറി കെ.എ.തങ്കപ്പൻ അഭിപ്രായപ്പെട്ടു.