സ്വകാര്യ ബസ് മിന്നൽ പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ

Friday 19 September 2025 1:08 AM IST
റോഡിന്റെ വശങ്ങളിൽ നിർമ്മാണസാമഗ്രികൾ കൂട്ടിയിട്ടിരിക്കുന്നു

ആലപ്പുഴ: സ്വകാര്യബസുകളുടെ മിന്നൽ പണിമുടക്കിൽ യാത്രക്കാർ വലഞ്ഞു. ഗതാഗതതടസം പതിവായതിൽ പ്രതിഷേധിച്ച് ആലപ്പുഴ മണ്ണഞ്ചേരി - ആലപ്പുഴ - ഇരട്ടക്കുളങ്ങര റൂട്ടിലോടുന്ന മുപ്പത് സ്വകാര്യബസുകളാണ് പണിമുടക്കിയത്. ഇന്നലെ രാവിലെ ഒമ്പതിനാണ് സംഭവങ്ങൾക്ക് തുടക്കം. പോപ്പി പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് മണ്ണ് ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ റോഡിലാണ് ഇട്ടിരിക്കുന്നത്. ഇതിനിടെ രൂപപ്പെട്ട ഗതാഗതക്കുരുക്കിൽ വലഞ്ഞ ബൈക്ക് യാത്രക്കാരും സ്വകാര്യബസ് ജീവനക്കാരും തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെയാണ് ബസുകൾ സർവീസുകൾ നിറുത്തി വച്ചത്. ഇതോടെ, സ്‌കൂൾ വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർ പെരുവഴിയിലായി. ജില്ലാകോടതി നവീകരണവുമായി ബന്ധപ്പെട്ട് നഗരത്തിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായാണ് സ്വകാര്യബസുകൾ വഴി തിരിച്ചുവിട്ടത്. പുതിയ പരിഷ്‌കാരത്തിന് പിന്നാലെ റൂട്ട് മാറ്റിയോടുന്ന സ്വകാര്യ ബസുകളും ചെറുവാഹനയാത്രക്കാരും തമ്മിൽ തർക്കം പതിവാണ്. പ്രതിദിനം ആയിരം രൂപയിലധികം വരുമാന നഷ്ടവും ഉണ്ടാക്കുന്നുണ്ടെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. നഗരചത്വരം വഴി തുറന്ന് പ്രശ്‌നം പരിഹരിക്കണമെന്നാണ് സ്വകാര്യബസുകളുടെ ആവശ്യം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനം കെ.ബി.ടി.എ ഭാരവാഹികളായ ബിജു ദേവിക, സുനീർ ഫിർദോസ്, സനൽ സലിം എന്നിവർ ജില്ലാകളക്ടർ, ആർ.ടി.ഒ, ഡിവൈ.എസ്.പി എന്നിവർക്ക് സമർപ്പിച്ചു.

.................

നഗരചത്വരം വഴി തുറക്കണം

 പ്രധാന പാതകളിൽ പൊലീസ് സേവനം വേണം

 റോഡിൽ കൂട്ടിയിട്ടിരിക്കുന്ന നിർമ്മാണ സാമഗ്രികൾ അടിയന്തരമായി നീക്കം ചെയ്യണം

...... ''അപ്രോച്ച് റോഡ് നിർമ്മാണം പൂർത്തിയാകുന്നതുവരെ നഗരചത്വരത്തിനുള്ളിൽ കൂടിയുള്ള റോഡ് സ്വകാര്യ ബസുകൾക്ക് യാത്രയ്ക്ക് അനുവദിക്കണം

-പി.ജെ. കുര്യൻ, കേരള ബസ് ട്രാൻസ്‌പോർട്ട് അസോ. ജില്ലാ പ്രസിഡന്റ്