മുണ്ടേല റോഡ് വികസനം: വീടുകൾ പൊളിക്കാനുള്ള ശ്രമം തടഞ്ഞു

Friday 19 September 2025 1:23 AM IST

നെടുമങ്ങാട്: കോടതിയുടെ പരിഗണനയിലുള്ള പുറമ്പോക്ക് ഭൂമി, റോഡുവികസനത്തിന്റെ പേരിൽ മുന്നറിയിപ്പില്ലാതെ പിടിച്ചെടുത്ത് വീടുകൾ പൊളിക്കാൻ മരാമത്ത് ഉദ്യോഗസ്ഥർ നടത്തിയ നീക്കം സംഘർഷത്തിൽ കലാശിച്ചു. അരുവിക്കര, വെള്ളനാട് പഞ്ചായത്തുകളിൽപ്പെട്ട മുണ്ടേല മുതൽ കൂവക്കുടി വരെയുള്ള റോഡിന്റെ ഇരുവശത്തേയും പുറമ്പോക്ക് പിടിച്ചെടുക്കാനുള്ള നീക്കമാണ് വിവാദമായത്. വീട്ടമ്മമാർ മണ്ണെണ്ണ കുപ്പിയുമായി ജെ.സി.ബി യന്ത്രങ്ങൾക്ക് മുന്നിൽ ആത്മഹത്യ ഭീഷണി മുഴക്കി.പൊലീസും നാട്ടുകാരുമായി ഉന്തും തള്ളുമുണ്ടായി.അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ആർ.കല സ്ഥലത്തെത്തി തഹസിൽദാരും മറ്റു റവന്യൂ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് രംഗം ശാന്തമായത്. കഴിഞ്ഞദിവസം ഉച്ചയോടെ ആര്യനാട്,അരുവിക്കര പൊലീസ് സംഘത്തിന്റെ അകമ്പടിയോടെ ജെ.സി.ബിയും ടിപ്പറുമായി വീടുകൾ ഇടിച്ചു നിരത്താനെത്തിയ റവന്യു ഉദ്യോഗസ്ഥരെ തടഞ്ഞിരുന്നു. പഞ്ചായത്തുകളെപ്പോലും അറിയിക്കാതെയാണ് പൊതുമരാമത്ത് നടപടിക്കായി എത്തിയതെന്ന് ആക്ഷേപമുണ്ട്.ആറോളം വീടുകളാണ് പൊളിച്ചുമാറ്റാൻ ശ്രമിച്ചത്. നാട്ടുകാരുടെ എതിർപ്പിൽ ചർച്ച ചെയ്ത് നടപടി സ്വീകരിക്കാമെന്ന തീരുമാനത്തിലാണ് ഉദ്യോഗസ്ഥർ പിന്തിരിഞ്ഞത്.മൂന്ന് വർഷം മുമ്പ് സ്വകാര്യ വ്യക്തി ലോകായുക്തയ്ക്ക് നൽകിയ പരാതിയാണ് വീട് പൊളിക്കലിൽ എത്തിച്ചത്.റോഡ് വികസനത്തിന്റെ ഭാഗമായി ഭൂമി വിട്ടു നൽകിയതാണെന്നും ഇനി നൽകാൻ ആകില്ലെന്നുമാണ് നാട്ടുകാരുടെ പക്ഷം.