വിദ്യാഭ്യാസരംഗത്തെ വിവേചനം, പ്രതിസന്ധി ഒഴിയാതെ എയ്ഡഡ് മേഖല
രാജഭരണകാലം മുതൽ കേരളത്തിലെ സ്വകാര്യ വിദ്യാഭ്യാസ മേഖല വിവിധങ്ങളായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയിട്ടുള്ളത്. സമീപകാല പ്രതിസന്ധികളായ സംരക്ഷിതാദ്ധ്യാപക നിയമനം, കൊവിഡ് കാലയളവിലെ നിയമന, സ്ഥാനക്കയറ്റ നിരോധനം, കെ- ടെറ്റ് കർശനമാക്കൽ, ഭിന്നശേഷി സംവരണം തുടങ്ങിയവയ്ക്ക് ഇനിയും പരിഹാരമായിട്ടില്ല. കേരള നിയമസഭയിൽ അവതരിപ്പിച്ച കണക്കനുസരിച്ച് കേരളത്തിൽ ആകെയുള്ള 12,644 സ്കൂളുകളിൽ 2277 സ്കൂളുകൾ എയ്ഡഡ് മേഖലയിലും, 4504 സ്കൂളു കൾ സർക്കാർ മേഖലയിലും 863 സ്കൂളുകൾ അൺഎയ്ഡഡ് മേഖലയിലുമാണ്. ഭൂരിപക്ഷം സ്കൂളുകളും അദ്ധ്യാപകരും എയ്ഡഡ് മേഖലയിലായതുകൊണ്ട് അവിടെയുണ്ടാകുന്ന പ്രതിസന്ധികൾ സംസ്ഥാനത്തെ വിദ്യാഭ്യാസ സംവിധാനത്തെ മുഴുവൻ കലുഷിതമാക്കും.
ഭിന്നശേഷി
സംവരണം 1996 ഫെബ്രുവരി മുതൽ അദ്ധ്യാപക- അനദ്ധ്യാപക നിയമനങ്ങളിൽ മൂന്ന് ശതമാനവും, 2017 ഏപ്രിൽ മുതൽ നാലു ശതമാനവും ഭിന്നശേഷിക്കാർക്കായി മാറ്റിവയ്ക്കണമെന്നാണ് നിയമം. ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതു സംബന്ധിച്ച് കർശനമായ നിർദ്ദേശങ്ങളോ വ്യക്തമായ മാനദണ്ഡങ്ങളോ നടപടിക്രമങ്ങളോ വിദ്യാഭ്യാസ വകുപ്പോ സാമൂഹ്യക്ഷേമ വകുപ്പോ 2022 ജൂൺ വരെ നൽകിയിരുന്നില്ല. 1996 മുതലുള്ള സംവരണം നടപ്പിലാക്കണമെന്ന് 2022-ലാണ് നിർദ്ദേശിക്കുന്നത്.
ഭിന്നശേഷി സംവരണ കേസ് സുപ്രീം കോടതിയിൽ വന്നപ്പോൾ എയ്ഡഡ് മാനേജ്മെന്റുകളൊന്നും അതിനെ എതിർത്തിരുന്നില്ല. 1996 മുതൽ എന്നുള്ള മുൻകാല പ്രാബല്യം ഒഴിവാക്കണമെന്നു മാത്രമാണ് ആവശ്യപ്പെട്ടത്. ബാക്ക്ലോഗ് സംബന്ധിച്ച തീരുമാനമെടുക്കാൻ അതത് സംസ്ഥാന സർക്കാരിനെ സമീപിക്കാനാണ് കോടതി നിർദ്ദേശിച്ചത്. എന്നാൽ സംസ്ഥാന സർക്കാരിനെ സമീപിച്ചപ്പോൾ, ബാക്ക്ലോഗ് ഒഴിവാക്കാനാവില്ലെന്നാണ് പറഞ്ഞത്. വൃക്തമായ നിർദ്ദേശങ്ങൾ നൽകിയ 2022 ജൂൺ മുതൽ ഉണ്ടാകുന്ന ഒഴിവുകൾ ഭിന്നശേഷിക്കാർക്കുവേണ്ടി മാറ്റിവയ്ക്കാമെന്ന് മാനേജ്മെന്റുകൾ അറിയിച്ചപ്പോഴും, 2018-നും 2021-നും ഇടയിലെ ഒഴിവുകളാണ് അവർക്കുവേണ്ടി മാറ്റിവയ്ക്കേണ്ടതെന്ന് സർക്കാരിന്റെ നിർദ്ദേശമുണ്ടായി.
അതുകൊണ്ട് 2018-നും 2021-നും ഇടയിലുണ്ടായ ഒഴിവുകളിൽ നിയമിതരായവരെ 2022-ൽ മാറ്റുകയോ പുറത്താക്കുകയോ ചെയ്ത്, ഈ തസ്തികകൾ ഭിന്നശേഷിക്കാർക്കു വേണ്ടി മാനേജ്മെന്റുകൾ മാറ്റിവച്ചു. മിക്കവാറും എല്ലാ മാനേജ്മെന്റുകളും റോസ്റ്റർ രജിസ്റ്റർ പ്രകാരം ഭിന്നശേഷിക്കാർക്കു നൽകേണ്ട മുഴുവൻ ഒഴിവുകളും അവർക്കായി മാറ്റിവച്ചിരിക്കുകയാണ്. എന്നാൽ ആവശ്യത്തിന് ഭിന്നശേഷിക്കാരെ ലഭ്യമല്ലാത്തതിനാൽ എല്ലാ ഒഴിവുകളിലേക്കും നിയമനം സാധിച്ചില്ല. ഭിന്നശേഷി സംവരണം പൂർത്തീകരിക്കാത്ത മാനേജ്മെന്റുകളിൽ 2018-നും 2021 നവംബറിനും ഇടയിൽ മറ്റ് ഒഴിവുകളിൽ നിയമിതരായവർക്ക് താത്കാലികമായും, 2021 മുതൽ നിയമിതരായവർക്ക് ദിവസവേതനത്തിലുമാണ് അംഗീകാരം നൽകുന്നത്.
എൻ.എസ്.എസിനു
ലഭിച്ച വിധി
ആവശ്യത്തിന് ഭിന്നശേഷിക്കാരെ ലഭിക്കാതെ വരികയും, മറ്റു നിയമനങ്ങൾക്ക് അംഗികാരം ലഭിക്കാതെ വരികയും ചെയ്ത സാഹചര്യത്തിൽ എൻ.എസ്.എസ് ഹൈക്കോടതിയേയും തുടർന്ന് സുപ്രീം കോടതിയേയും സമീപിച്ചു. ഭിന്നശേഷി ക്കാർക്കുവേണ്ടി ഒഴിവുകൾ മാറ്റിവച്ചാൽ മറ്റ് ഒഴിവുകളിൽ നിയമിതരായവർക്ക് സ്ഥിരാംഗീകാരം നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു. എൻ.എസ്.എസിനും സമാന സ്വഭാവമുള്ള സൊസൈറ്റികൾക്കും വിഭാഗങ്ങൾക്കും ബാധകമാക്കിയാണ് കോടതി വിധിയുണ്ടായത്. എൻ.എസ്.എസിന് അനുകൂലമായുണ്ടായ വിധി എല്ലാവർക്കും ബാധകമാക്കി ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് കേരള കാത്തലിക് സ്കൂൾസ് മാനേജ്മെന്റ് കൺസോർഷ്യവും മാനേജ്മെന്റുകളും സർക്കാരിനെ സമീപിച്ചെങ്കിലും കോടതി വിധി എൻ.എസ്.എസിനു മാത്രം ബാധകമാക്കിയാണ് സർക്കാർ ഉത്തരവിറക്കിയത്.
എൻ.എസ്.എസിനു ലഭിച്ച ആനുകൂല്യം തങ്ങൾക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് കൺസോർഷ്യം ഹൈക്കോടതിയെ സമീപിച്ചപ്പോൾ, അതു പരിഗണിക്കാനാണ് 2025 ഏപ്രിൽ ഏഴിലെ വിധിയിലൂടെ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാൽ കോടതിവിധിയുടെ നാലുമാസത്തെ കാലാവധി തീരാൻ ഒരാഴ്ചമാത്രം ശേഷിക്കെ, 2025 ആഗസ്റ്റ് 31-ന് എൻ.എസ്.എസിനു കൊടുത്ത ആനുകൂല്യം മറ്റു മാനേജ്മെന്റുകൾക്ക് നൽകാനാവില്ലെന്ന് സർക്കാർ ഉത്തരവിട്ടു. കോടതിവിധി ഉണ്ടായിട്ടും അത് നൽകാതിരിക്കുന്നതും, ഒരു സമുദായത്തിനു ലഭിച്ച അവകാശം മറ്റൊരു സമുദായത്തിന് കൊടുക്കാതിരിക്കുന്നതും നീതിനിഷേധവും സാമുദായിക വേർതിരിവുമാണ്.
അധിക തസ്തിക
2021ന് പുറത്തിറക്കിയ 4/21 ഉത്തരവ് പ്രകാരം അധിക തസ്തികയിൽ 2016 മുതൽ ജോലി ചെയ്തുവരുന്നവർക്ക് ഉത്തരവിന്റെ തീയതി മുതൽ നോഷണലായും തുടർന്ന് ശമ്പളത്തോടു കൂടിയും അംഗീകാരം ലഭിച്ചു. എന്നാൽ, 2016 മുതൽ 2021 വരെ അധിക തസ്തികയിൽ ജോലിചെയ്ത ആയിരക്കണക്കിന് അദ്ധ്യാപകർക്ക് ഇന്നും ശമ്പളം ലഭിച്ചിട്ടില്ല. കൂലി കൊടുക്കാതെ ജോലി ചെയ്യിപ്പിക്കുകയെന്ന തത്വമാണ് എയ്ഡഡ് സ്കുളുകളിലെ അദ്ധ്യാപകരുടെ കാര്യത്തിൽ പിന്തുടരുന്നത്.
നിർബന്ധിത കെ- ടെറ്റ്
കേരളത്തിൽ 2012 മുതൽ കെ- ടെറ്റ് നിർബന്ധമാക്കിയെങ്കിലും 2019- 20 വരെ നിയമിതരായവർക്ക് അത് പാസാകുന്നതിന് 2021 മേയ് വരെ സമയം അനുവദിച്ചിരുന്നു. എന്നാൽ ഈ വർഷം സെപ്തംബർ ഒന്നിലെ സുപ്രീം കോടതി വിധിപ്രകാരം എല്ലാവർക്കും കെ- ടെറ്റ് നിർബന്ധമാക്കി. സർക്കാർ അനുവദിച്ച ഇളവനുസരിച്ചാണ് അദ്ധ്യാപകർ കെ-ടെറ്റ് ഇല്ലാതെ ജോലിയിൽ പ്രവേശിച്ചതും അവരിൽ പലരും ഇപ്പോഴും ജോലിയിൽ തുടരുന്നതും. എന്നാൽ, പുതിയ വിധിയനുസരിച്ച് കെ- ടെറ്റ് ഇല്ലാതെ ജോലിയിൽ തുടരുന്ന ആയിരക്കണക്കിന് അദ്ധ്യാപകരുടെ ജോലി നഷ്ടപ്പെടും. സുപ്രീം കോടതിയിൽ കേസിനു പോയവർ വസ്തുത വേണ്ടവിധത്തിൽ കോടതിയെ ധരിപ്പിക്കുന്നതിൽ പരാജയപ്പെട്ടതാണ് ഈ സ്ഥിതിവിശേഷത്തിന് ഒരു കാരണം.
ആയതിനാൽ, സർവീസിലുള്ള ആയിരക്കണക്കിന് അദ്ധ്യാപകരെ സംരക്ഷിക്കുന്നതിനായി സംസ്ഥാന സർക്കാർ ക്രേന്ദ്ര സർക്കാരിനെയും സുപ്രീം കോടതിയേയും സമീപിക്കേണ്ടതാണ്. ഒരു നിയമനാംഗീകാരത്തിന് അതുമായി യാതൊരു ബന്ധവുമില്ലാത്ത രേഖകളും സർട്ടിഫിക്കറ്റുകളും പലപ്പോഴും ആവശ്യപ്പെടാറുണ്ട്. നിയമനം ലഭിച്ച് ആറും ഏഴും വർഷങ്ങൾ കഴിഞ്ഞാലും പലപ്പോഴും അംഗീകാരവും ശമ്പളവും ലഭിക്കാറില്ല. ഫയൽ തീർപ്പാക്കൽ അദാലത്തിൽ സംഭവിക്കുന്നത് ഓഫീസുകളിൽ തീർപ്പാക്കാതെ കെട്ടികിടക്കുന്ന ഫയലുകൾ നിരസിക്കലാണ്. എയ്ഡഡ് സ്കൂൾ അദ്ധ്യാപക തസ്തിക ആകർഷണീയമല്ലാതാക്കിത്തീർക്കുകയാണ് ലക്ഷ്യമെന്നു കരുതുന്നു. എയ്ഡഡ് സ്കൂളുകൾക്ക് യാതൊരു ആനുകൂല്യവും നൽകുന്നില്ല.
സ്കൂൾ സുരക്ഷയുടെ ഭാഗമായി നല്ല സ്കൂൾ കെട്ടിടം, ചുറ്റുമതിൽ തുടങ്ങി നൂറിലധികം സുരക്ഷാ ക്രമീകരണങ്ങൾ സർക്കാൻ നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ, ചെറിയ സ്കൂളുകളിൽ; പ്രത്യേകിച്ച് മതിയായ എണ്ണം കുട്ടികളില്ലാത്ത സ്കൂളുകളിൽ ലക്ഷക്കണക്കിന് രൂപയുടെ ബാദ്ധ്യതയുണ്ടാക്കുന്ന ഈ ക്രമീകരണങ്ങൾ എങ്ങനെയാണ് മാനേജ്മെന്റുകൾ ഏറ്റെടുക്കുന്നത്? മുൻ സർക്കാർ കൊട്ടിഘോഷിച്ച പദ്ധതിയാണ് സ്കൂളുകൾക്കുള്ള ചലഞ്ച് ഫണ്ട്. പുതിയ സ്കൂൾ കെട്ടിട നിർമ്മാണത്തിന് മാനേജ്മെന്റ് ചെലവഴിക്കുന്നത്ര തന്നെ തുക (പരമാവധി 50 ലക്ഷം) സർക്കാരും നൽകുമെന്നതാണ് ചലഞ്ച് ഫണ്ട്. ചലഞ്ച് ഫണ്ടിൽ നിന്ന് പണം കിട്ടുമെന്ന പ്രതീക്ഷയിൽ സർക്കാർ അനുമതിയോടെ മുഴുവൻ തുകയും മുടക്കി പണിത പല സ്കൂൾ കെട്ടിടങ്ങൾക്കും അഞ്ചാറു വർഷങ്ങൾക്കു ശേഷവും ഇതുവരെ ഒരു പൈസപോലും മാനേജ്മെന്റിന് ലഭിച്ചിട്ടില്ല. ഇപ്പോൾ ചലഞ്ച് ഫണ്ട് നിർത്തിവച്ചിരിക്കുന്ന അവസ്ഥയിലാണ്. എയ്ഡഡ് സ്കൂൾ അദ്ധ്യാപകർ യോഗ്യതയില്ലാത്തവരാണെന്നും മറ്റു ചില പരിഗണനകളുടെ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിച്ചവരാണെന്നുമുള്ള ആക്ഷേപം നിലവിലുണ്ട്. അതിനാൽ എയ്ഡഡ് സ്കൂൾ അദ്ധ്യാപക നിയമനം പി.എസ്.സിക്കു വിടണമെന്ന് വാദിക്കുന്നവരുമുണ്ട്. എന്നാൽ അദ്ധ്യാപക തസ്തികയ്ക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവരെ മാത്രമാണ് മാനേജ്മെന്റുകൾ നിയമിക്കുന്നത്. എയ്ഡഡ് സ്കൂളുകളോട് സർക്കാർ കാണിക്കുന്ന പക്ഷപാതപരമായ സമീപനം നീതിക്കു ചേർന്നതല്ലെന്ന് വേദനയോടെ അറിയിക്കട്ടെ.
(കേരള എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ പ്രസിഡന്റാണ് ലേഖകൻ)