ച്യൂയിംഗം വിഴുങ്ങിയ എട്ടുവയസുകാരിയെ രക്ഷിച്ച് യുവാക്കൾ; ജീവൻ തിരിച്ചുപിടിക്കാൻ ഇവർ മാതൃക
പഴയങ്ങാടി: ച്യൂയിംഗം തൊണ്ടയിൽ കുടുങ്ങിയ കുട്ടിയെ തക്കസമയത്ത് ഇടപെട്ട് രക്ഷപ്പെടുത്തിയ യുവാക്കൾക്ക് അഭിനന്ദനപ്രവാഹം.പള്ളിക്കര സ്വദേശികളായ ഷൗക്കത്തിന്റെയും ഫരീദയുടെയും മകളായ എട്ടു വയസ്സുകാരി ഫാത്തിമയുടെ ജീവനാണ് കെ.വി.ഇസ്മയിൽ , ജാഫർ ,നിയാസ് എന്നീ യുവാക്കളുടെ ഇടപെടലിൽ രക്ഷിച്ചെടുക്കാനായത്.
ചെറുകുന്ന് പള്ളിക്കര സുബിൻ ഇസ്ലം മദ്രസയ്ക്ക് സമീപത്ത് കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. കടയിൽ നിന്ന് സൈക്കിളിൽ വരുന്നതിനിടെ കുട്ടി ച്യൂയിംഗം അബദ്ധത്തിൽ വിഴുങ്ങിപ്പോകുകയായിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടതിന് പിന്നാലെ സമീപത്തെ റോഡിൽ സംസാരിച്ചുനിൽക്കുകയായിരുന്ന യുവാക്കളോട് സംഭവം പറഞ്ഞു. ഉവർ കുട്ടിയുടെ വയറിൽ അമർത്തി പുറത്ത് തട്ടിയതോടെ ച്യൂയിംഗം പുറത്തെത്തി. ചെറുകുന്ന് മുസ്ലിം എൽപി സ്കൂളിലെ മൂന്നാം തരം വിദ്യാർഥിനിയാണ് ഫാത്തിമ. സ്കൂളിലെ അദ്ധ്യാപികയിൽ നിന്ന് കിട്ടിയ അറിവാണ് യുവാക്കളോട് വിഷയം ധൈര്യപൂർവ്വം അവതരിപ്പിക്കാൻ കഴിഞ്ഞതിന് പിന്നിലെന്ന് ഫാത്തിമ പറഞ്ഞു.