കടൽ പിൻവാങ്ങിയപ്പോൾ മാലിന്യം ദുരിതം വിടാതെ ഉദുമ തീരം
പാലക്കുന്ന്:മഴ പിൻവാങ്ങിയതിന് പിന്നാലെ കടലാക്രമണം കുറഞ്ഞ ഉദുമയിലെ പടിഞ്ഞാർ കാപ്പിൽ, കൊപ്പൽ, കൊവ്വൽ, ജന്മ വരെയുള്ള മനോഹരതീരങ്ങളെ വിഴുങ്ങി മാലിന്യക്കൂമ്പാരം.ടൂറിസം മേഖലയ്ക്ക് കനത്ത വെല്ലുവിളി ഉയർത്തിയാണ് ഈ ഭാഗങ്ങളിൽ വൻതോതിൽ മാലിന്യം അടിഞ്ഞുകൂടിയിരിക്കുന്നത്.
തോടുകളും പുഴകൾ വഴിയും കടലിൽ എത്തിയ മാലിന്യമാണ് ഒന്നാകെ തീരത്തേക്ക് തള്ളിയിരിക്കുന്നത്. കടൽ ശാന്തമാകുന്ന ഘട്ടങ്ങളിലെല്ലാം ഇത് പതിവ് കാഴ്ചയാണെന്ന് പരിസരവാസികൾ പറയുന്നു. ചെരുപ്പുകൾ, മര ശിഖരങ്ങൾ, വിറക് തടികൾ, ടിന്നുകൾ അടക്കമുള്ള സർവ്വവിധ മാലിന്യങ്ങളും ഇക്കൂട്ടത്തിലുണ്ടെന്ന് വാർഡ് അംഗം പി.കെ.ജലീൽ പറഞ്ഞു.ഇവ വേർതിരിച്ച് നീക്കാനുള്ള പ്രവൃത്തികൾ ശ്രമകരമാണ്. ഇതിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.
മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നതിന് പിന്നാലെ കൂട്ടമായെത്തുന്ന തെരുവ് നായ്ക്കളും സഞ്ചാരികൾക്കും പ്രദേശവാസികൾക്കും ഭീഷണി സൃഷ്ടിക്കുന്നതായി തീരദേശ സംരക്ഷണസമിതി ചെയർമാൻ അശോകൻ സിലോൺ പറഞ്ഞു.
ടൂറിസ വികസനത്തിന് പ്രാമുഖ്യം നൽകി തീരപ്രദേശം മാലിന്യമുക്തമായി നിലനിർത്താൻ ഇവിടെ സ്ഥിരം സംവിധാനം ഒരുക്കണമെന്ന വാർഡ് അംഗത്തിന്റെ അപേക്ഷ ബോർഡ് യോഗത്തിന് മുന്നിലുണ്ട്.ഇക്കാര്യത്തിൽ തീരുമാനമെടുക്കും. മാലിന്യങ്ങൾ ശേഖരിച്ച് കടലോരം ശുചീകരിക്കാൻ ഹരിതകർമസേനാംഗങ്ങൾ വൈകാതെ തീരത്തെത്തും - കെ.വി.ബാലകൃഷ്ണൻ
(ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് )