തുല്യത ബിരുദ പഠനത്തിന് സീറ്റ് നേടി 400 പേ‌ർ, ഇനി കോളേജിലേക്ക്

Friday 19 September 2025 2:02 AM IST

ആലപ്പുഴ: പ്ലസ്ടു തുല്യത കോഴ്സ് വിജയിച്ചവർക്കായി ജില്ലാ പഞ്ചായത്തും സാക്ഷരത മിഷനും നടത്തുന്ന ബിരുദ പഠനത്തിന് സീറ്റുറപ്പിച്ചത് 400 പേർ. ഗൂഗിൾ ഫോം വഴി താത്പര്യമറിയിച്ച 613 പേരിൽ നിന്ന് സർട്ടിഫിക്കറ്റ് പരിശോധന നടത്തിയാണ് നാന്നൂറ് പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തത്.

സാക്ഷരതാമിഷന്റെ ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സ് വിജയിച്ചവർക്കായി ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സാക്ഷരതാമിഷന്റെ ബിരുദ കോഴ്സ് ആരംഭിച്ചിരിക്കുന്നത്. ഇത് സംസ്ഥാനത്തെ ആദ്യ തുല്യതാ ബിരുദ പദ്ധതിയാണ്. സോഷ്യോളജി, കൊമേഴ്‌സ് എന്നീ ബിരുദ കോഴ്‌സുകളിലേക്കാണ് അഡ്മിഷൻ പൂർത്തിയാക്കിയത്.

ഇതിൽ കൂടുതൽപ്പേർക്കും സോഷ്യോളജിയോടാണ് പ്രിയം. 352 പേരാണ് വിഷയം തിരഞ്ഞെടുത്തിരിക്കുന്നത്. ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടേതാണ് കോഴ്സ്. ഒക്ടോബർ ആദ്യവാരം നഗരത്തിലെ ഒരു കോളേജിലാകും ക്ലാസുകൾ ആരംഭിക്കുക. നാല് വർഷമാണ് കോഴ്‌സിന്റെ കാലാവധി. വർഷത്തിൽ രണ്ടുവീതം ആകെ എട്ട് സെമസ്റ്ററുകൾ ഉണ്ടാകും. ഫീസ് ഇളവുള്ള എസ്.സി, എസ്.ടി, ഭിന്നശേഷി, മത്സ്യത്തൊഴിലാളി വിഭാഗങ്ങൾക്കും ഫീസ് നൽകി പഠിക്കാൻ താത്പര്യമുള്ള ജനറൽ വിഭാഗത്തിൽപ്പെട്ടവർക്കും 23 വരെ അപേക്ഷിക്കാം.

അപേക്ഷ

നൽകിയവർ

ബി.പി.എൽ: 250

ജനറൽ: 60

എസ്.സി, എസ്.ടി:66

ഭിന്നശേഷി:5

മത്സ്യത്തൊഴിലാളി: 29

തുടർന്ന് പഠിക്കാൻ താത്പര്യമുള്ള പ്ലസ്ടു തുല്യത കോഴ്സ് പാസായവർക്ക് ബിരുദ കോഴിസിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ സാക്ഷരത വിഭാഗത്തിൽ അപേക്ഷ നൽകണം.

- കെ.ജി. രാജേശ്വരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്