സി.ബി.എൽ ആവേശത്തിന് ഇന്ന് കൈനകരിയിൽ കൊടിയേറ്റം
ആലപ്പുഴ: ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ അഞ്ചാം സീസണിന് ഇന്ന് കൈനകരി പമ്പായാറ്റിൽ തുടക്കമാകും. 14 മത്സരങ്ങളുള്ള സീസണിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. നെഹ്റുട്രോഫി വള്ളംകളിയിൽ സമയത്തിന്റെ അടിസ്ഥാനത്തിൽ ആദ്യ ഒമ്പത് സ്ഥാനങ്ങളിലെത്തിയ ചുണ്ടനുകളാണ് പോരാട്ടത്തിനിറങ്ങുന്നത്. ഇത്തവണ സീസണിലെ അഞ്ച് മത്സരങ്ങൾക്ക് ആലപ്പുഴ വേദിയാകുന്നുണ്ട്. കൈനകരിക്ക് പുറമേ, പുളിങ്കുന്ന്, കരുവാറ്റ, പാണ്ടനാട്, കായംകുളം എന്നിവയാണ് വേദികൾ. ഡിസംബർ ആറിന് കൊല്ലം പ്രസിഡന്റ്സ് ട്രോഫിയോടെയാണ് സീസൺ അവസാനിക്കുക.
ഉച്ചയ്ത്ത് രണ്ടിന് കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി.പ്രസാദ് പതാക ഉയർത്തും. ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീധന്യ സുരേഷ് മാസ്ഡ്രിൽ ഫ്ലാഗ് ഒഫ് ചെയ്യും. 2.30 മുതൽ ഹീറ്റ്സ് മത്സരങ്ങൾ ആരംഭിക്കും. വൈകിട്ട് 4ന് ഉദ്ഘാടനം സമ്മേളനം. മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷനാകും. മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയും കൊടിക്കുന്നിൽ സുരേഷ് എം.പി വിശിഷ്ടാതിഥിയുമാകും. തോമസ് കെ.തോമസ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ കളക്ടർ അലക്സ് വർഗീസ് സി.ബി.എൽ സന്ദേശം നൽകും.
നിബന്ധനകളിൽ ഇളവ്
1.പ്രൊഫഷണൽ തുഴച്ചിലുകാരെ ഉൾപ്പെടുത്തുന്നതിലും, ഏതു തരത്തിലുള്ള തുഴ ഉപയോഗിക്കുന്നതിലും സി.ബി.എല്ലിൽ ഇത്തവണ ഇളവ് അനുവദിച്ചിട്ടുണ്ട്. എത്ര അന്യ സംസ്ഥാനക്കാർക്കും തുഴയാൻ കയറാം.നെഹ്റുട്രോഫി ജലമേളയിൽ തടിത്തുഴ മാത്രം ഉപയോഗിക്കാനായിരുന്നു അനുമതി.സി.ബി.എല്ലിൽ പനന്തുഴ ഉപയോഗിക്കുന്നതിൽ തടസമില്ല.
2. അതേസമയം, നെഹ്റുട്രോഫി ജലോത്സവത്തിന്റെ ഫൈനൽ മത്സരത്തിലെ ഒന്നാം സ്ഥാനം ഒഴികെയുള്ള സ്ഥാനങ്ങളുടെ ഫല പ്രഖ്യാപനം ഇനിയും നടത്തിയിട്ടില്ല. സി.ബി.എല്ലിന് മുമ്പ് ഫലം പുറത്തുവിടുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, പാലിക്കപ്പെട്ടില്ല.
3. ജൂറി ഒഫ് അപ്പീൽ അംഗങ്ങൾക്ക് തന്നെയാണ് സി.ബി.എല്ലിന്റെയും ചുമതല. അതിനാൽ ആദ്യ സി.ബി.എൽ മത്സരത്തിന് ആതിഥേയത്വം വഹിക്കേണ്ടതിന്റെ തിരക്കിലാണ് സംഘാടകർ. അടുത്ത ദിവസങ്ങളിൽ ഫലപ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്
പ്രാദേശിക അവധി
ചാമ്പ്യൻസ് ബോട്ട് ലീഗ് പ്രമാണിച്ച് കൈനകരി ഗ്രാമപഞ്ചായത്തിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ ഉത്തരവായി. പൊതു പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കും.
മത്സരവള്ളങ്ങളും ക്ളബുകളും
വീയപുരം : വില്ലേജ് ബോട്ട് ക്ലബ് കൈനകരി
നടുഭാഗം : പുന്നമട ബോട്ട് ക്ലബ്
മേൽപ്പാടം : പള്ളാത്തുരുത്തി ബോട്ട് ക്ലബ്
നിരണം: നിരണം ബോട്ട് ക്ലബ്
പായിപ്പാടൻ 1 : കുമരകം ടൗൺ ബോട്ട് ക്ലബ്
നടുവിലേപ്പറമ്പൻ : ഇമ്മാനുവൽ ബോട്ട് ക്ലബ്
കാരിച്ചാൽ : കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്
ചെറുതന : തെക്കേക്കര ബോട്ട് ക്ലബ്, മങ്കൊമ്പ്
ചമ്പക്കുളം : ചങ്ങനാശേരി ബോട്ട് ക്ലബ്