ദസറക്ക് ഒരുങ്ങി കണ്ണൂർ നഗരം
Thursday 18 September 2025 10:16 PM IST
കണ്ണൂർ: കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നവരാത്രി ആഘോഷം കണ്ണൂർ ദസറയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. 23 മുതൽ ഒക്ടോബർ 1 വരെ കളക്ടറേറ്റ് മൈതാനത്താണ് ആഘോഷ പരിപാടികൾ. ദസറയുടെ പ്രചാരണാർത്ഥം നാളെ വൈകീട്ട് നാലിന് വിളക്കുംതറ മൈതാനിയിൽ നിന്നും ടൗൺ സ്‌ക്വയറിലേക്ക് വിളംബര ഘോഷയാത്ര നടക്കും. 21ന് വൈകിട്ട് 4.30ന് പയ്യാമ്പലത്ത് ജില്ലയിലെ വാട്സ്ആപ്പ് ഗ്രൂപ്പുകളുടെയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സിന്റെയുംസംഗമത്തിൽ ജില്ലയിലെ വ്യത്യസ്തമായ വാട്സ് ആപ്പ് ഗ്രൂപ്പുകളെയും ഇൻഫ്ളുവൻസേഴ്സിനെയും പരിചയപ്പെടുത്തും. കളരിപ്പയറ്റ് പ്രദർശനം, ഫയർ ഡാൻസ്, കരോക്കെ ഗാനമേള തുടങ്ങിയവ അരങ്ങേറുമെന്ന് സംഘാടക സമിതി ചെയർമാൻ മുസ്ലിഹ് മഠത്തിലും കൺവീനർ പി. ഇന്ദിരയും അറിയിച്ചു.