അപവാദ പ്രചരണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് കെ.എൻ ഉണ്ണിക്കൃഷ്ണൻ എം എൽ എ

Thursday 18 September 2025 10:18 PM IST

കൊച്ചി : സമൂഹമാദ്ധ്യങ്ങളിലൂടെ തനിക്കെതിരെ നടക്കുന്ന അപവാദ പ്രചരണങ്ങളെ രാഷ്ട്രീയമായും നിയമപരമായുംനേരിടുമെന്ന് വൈപ്പിൻ എം.എൽ.എ കെ.എൻ. ഉണ്ണിക്കൃഷ്ണൻ . പുരോഗമന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് വന്ന രാഷ്ട്രീയ പ്രവർത്തകനാണ് ഞാൻ. പലവിധത്തിലുള്ള പ്രതിസന്ധികളും ദുർഘടം നിറഞ്ഞ വഴികളിലൂടെ സഞ്ചരിച്ചുമാണ് ഞാൻ ഇവിടം വരെയെത്തിയത്. അതിൽ രാഷ്ട്രീയ എതിരാളികളുടെപോലും സ്‌നേഹവും ബഹുമാനവും പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ നിക്ഷിപ്തമായ രാഷ്ട്രീയ താൽപര്യം സംരക്ഷിക്കാൻവേണ്ടിമാത്രം; വ്യക്തിപരമായി പകപോക്കുന്നതിനും എന്റെ രാഷ്ട്രീയ ജീവിതത്തെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ച് കൊണ്ട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായ വ്യാജപ്രചരണങ്ങൾ നടന്നുവരുന്നതായി എം.എൽ.എഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

സി.കെ.ഗോപാലകൃഷ്ണൻ, ചെട്ടിശ്ശേരിയിൽ എന്നമേൽവിലാസം ഉള്ള വ്യക്തിയുടെഫേസ്ബുക്ക്‌പോസ്റ്റ് ആണ്

പേരുകൾ വെക്കാതെ എന്നാൽ ഊഹത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തികളെ മനസിലാക്കാൻ കഴിയും വിധം അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ചത് ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുക്കുകയും ദിനപത്രങ്ങളിലും ഓൺലൈൻ ചാനലുകളിലുംപേരും തന്റെഫോട്ടോയും പതിച്ച് വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇടതുപക്ഷത്തെയും ആക്രമിക്കുന്നതിൽ, തകർക്കുന്നതിൽ അതിന്റെനേതാക്കന്മാരെതേജോവധം ചെയ്യുകയും അപകീർത്തിപെടുത്തുകയും ചെയ്യുക എന്നത് വലതുപക്ഷ രാഷ്ട്രീയ ശക്തികൾ എന്നും സ്വീകരിച്ചുപോരുന്ന രീതിശാസ്ത്രം ആണ്. ഒരു ഗീബൽസിയൻ തന്ത്രമാണ് ഇവിടെ പയറ്റുന്നത്. തകർന്നുകൊണ്ടിരിക്കുന്നകോൺഗ്രസ് രാഷ്ട്രീയത്തെ ഉയർത്തെഴുന്നേല്പിക്കാനും ജീർണ്ണതയുടെ അഗാധ ഗർത്തങ്ങളിൽ നിന്നും രക്ഷനേടുന്നതിനുമുള്ള ഒരു നെറികെട്ട പ്രചരണം മാത്രമാണിതെന്നും കെ.എൻ. ഉണ്ണിക്കൃഷ്ണൻ ആരോപിച്ചു.

ഈ തെറ്റായ പ്രചരണം നടത്തുന്നവരെ നിയമത്തിന്റെ മുന്നിൽ എത്തിച്ച് മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. രാഷ്ട്രീയമായും നിയമപരമായും ഈ സംഭവങ്ങളെ നേരിടുമെന്നും എം.എൽ.എ അറിയിച്ചു.