ബൈക്ക് മോഷണക്കേസ് പ്രതി അറസ്റ്റിൽ

Friday 19 September 2025 2:42 AM IST

വെഞ്ഞാറമൂട്: ബൈക്ക് മോഷണ കേസിലെ പ്രതി അറസ്റ്റിൽ. നെടുമങ്ങാട് പൂവത്തൂർ സ്വദേശി ജയകുമാറാണ്(45) അറസ്റ്റിലായത്. വട്ടപ്പാറ വേറ്റിനാട് സ്വദേശി സുരേന്ദ്രന്റെ ബൈക്ക് മോഷ്ടിച്ച കേസിലാണ് നടപടി. ഇക്കഴിഞ്ഞ ആഗസ്റ്റ് 28നാണ് സംഭവം. ഉടമ വട്ടപ്പാറ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിനിടെ പരാതിക്കാരന്റെ വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ മാറി മറ്റൊരു ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ഈ ബൈക്ക് നെടുമങ്ങാട് നിന്നും മോഷണം പോയിട്ടുള്ളതാണന്നും കണ്ടെത്തി. തുടർന്ന് നെടുമങ്ങാട് നിന്നും മോഷ്ടിച്ച ബൈക്കുമായി പ്രതി വേറ്റിനാടെത്തി ഉപേക്ഷിച്ച ശേഷം സുരേന്ദ്രന്റെ ബൈക്ക് മോഷ്ടിക്കുകയായിരുന്നുവെന്ന അനുമാനത്തിലെത്തിയ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ നെടുമങ്ങാട് നിന്നും പിടികൂടുകയായിരുന്നു. മോഷണം നടത്തിയ ബൈക്ക് നെടുമങ്ങാട് ആക്രിക്കടയിൽ വിറ്റതായി ചോദ്യം ചെയ്യലിൽ പ്രതി പൊലീസിനോട് സമ്മതിച്ചതായും ഇയാളുടെ പേരിൽ നെടുമങ്ങാടും മറ്റു സ്റ്റേഷനുകളിലും വധശ്രമം, മോഷണം ഉൾപ്പെടെ നിരവധി കേസുകളുള്ളതായും പൊലീസ് പറഞ്ഞു. വട്ടപ്പാറ സി.ഐ.ശ്രീജിത്,എസ്.ഐ.പ്രദീപ്,സിവിൽ പൊലീസ് ഓഫീസർമാരായ അനൂപ്,പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.