അടിപ്പാത പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം

Friday 19 September 2025 12:00 AM IST

കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ ബൈപാസിലെ സി.ഐ ഓഫീസ് ജംഗ്ഷനിൽ അടിപ്പാത വരില്ലെന്നുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വെളിപ്പെടുത്തൽ അടിപ്പാതയ്ക്കായി സമരം ചെയ്യുന്ന എലിവേറ്റഡ് ഹൈവേ കർമ്മ സമിതി പ്രവർത്തകരെ നിരാശപ്പെടുത്തി. സംസ്ഥാനം സ്ഥലമേറ്റെടുത്തു തന്നിട്ടില്ലെന്നും കേന്ദ്രമാണ് പണം നൽകിയതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി ആരോപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ആഗസ്റ്റ് 30ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് സ്ഥലം സന്ദർശിച്ചിരുന്നു. മണ്ഡലം കമ്മിറ്റിയുടെയും ബൈപാസ് ഏരിയ ഉൾപ്പെടുന്ന പ്രദേശത്തെ പാർട്ടി കൗൺസിലർമാരുടെയും നിരന്തരമായ ആവശ്യത്തിന്റെ ഫലമായാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെയും മന്ത്രി നിതിൻ ഗഡ്കരിയുടെയും നിർദ്ദേശപ്രകാരം കൃഷ്ണദാസ് സന്ദർശിച്ചതെന്നാണ് അന്ന് ബി.ജെ.പി കേന്ദ്രങ്ങൾ അറിയിച്ചിരുന്നത്. കേന്ദ്ര മന്ത്രിസഭയിൽ നിന്നും ജനങ്ങൾക്ക് അനുകൂലമായ നിലപാടുണ്ടാവാൻ പരിപൂർണ്ണമായും ബി.ജെ.പി പ്രവർത്തിക്കുമെന്നും കൃഷ്ണദാസ് വ്യക്തമാക്കിയിരുന്നു. നിധിൻ ഗഡ്ഗരിയെ കണ്ട് നിവേദനം സമർപ്പിച്ചുവെന്നും ഉടൻ ശരിയാകുമെന്നും ബി.ജെ.പി വാർത്താ മാദ്ധ്യമങ്ങളിലൂടേയും മറ്റും വൻ പ്രചരണം നടത്തിയിരുന്നതാണെന്ന് സമരസമിതി ജനറൽ കൺവീനർ അഡ്വ.കെ.കെ.അൻസാർ ചൂണ്ടിക്കാട്ടി.