"അടിപ്പാത" പ്രസ്താവനയും ബി.ജെ.പിക്ക് തിരിച്ചടി

Friday 19 September 2025 12:00 AM IST

കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ ബൈപാസിലെ സി.ഐ ഓഫീസ് ജംഗ്ഷനിൽ അടിപ്പാത വരില്ലെന്നുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വെളിപ്പെടുത്തൽ നഗരസഭ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ബി.ജെ.പിക്ക് കനത്ത തിരിച്ചടി. ദേശീയപാതയിൽ ആറുവരി പാത നിർമ്മാണം തുടങ്ങും മുമ്പേ വിശദപദ്ധതി രേഖ തയ്യാറാക്കിയപ്പോൾ നാട്ടുകാരും നഗരസഭയും ഈ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അവസാന ഘട്ടത്തിൽ അടിപ്പാത നിർമ്മാണം അപ്രായോഗികമാണെന്നായിരുന്നു സുരേഷ് ഗോപി എൽത്തുരുത്ത് കലുങ്ക് സൗഹൃദവികസന സംവാദ സദസിൽ അഭിപ്രായപ്പെട്ടത്.

കേന്ദ്രമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രസ്താവന നടത്തിയത് ശരിയായില്ലെന്ന് എലിവേറ്റഡ് ഹൈവേ കർമ്മ സമിതി കുറ്റപ്പെടുത്തി. ജനങ്ങൾ സി.ഐ ഓഫീസ് സിഗ്‌നലിൽ അടിപ്പാത കിട്ടുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന ഈ സമയത്ത് മറ്റ് സാങ്കേതിക കാരണങ്ങൾ നിരത്തി ഇത്തരം ഒരു സർജിക്കൽ സ്‌ട്രൈക്ക് നടത്തിയത് ജനപ്രതിനിധിക്ക് ചേരുന്നതാണോയെന്ന് ചിന്തിക്കണമെന്ന് കർമ്മ സമിതി ഭാരവാഹികൾ ചോദിക്കുന്നു.

ഇപ്പോഴത്തെ ദേശീയപാത 66ന്റെ വിശദപദ്ധതി രേഖ തയ്യാറാക്കുന്നതിന് എത്രയോ കാലം മുൻപേ കർമ്മസമിതി കൊടുങ്ങല്ലൂർ നഗരത്തിലൂടെ എൻ.എച്ച് കടന്നുപോകുന്ന ഭാഗത്ത് എലിവേറ്റഡ് ഹൈവേ വേണമെന്ന് ആവശ്യപ്പെട്ടതാണ്. അന്ന് അടിപ്പാത നൽകാമെന്ന ഉറപ്പ് അധികൃതർ കർമ്മസമിതിക്ക് നൽകി. ഡി.പി.ആർ തയ്യാറാക്കിയ ശേഷം ഏതെല്ലാം സ്ഥലത്ത് എന്തെല്ലാം മാറ്റം വരുത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് നേതാക്കളായ കെ.പി.സുനിൽ കുമാറും പി.വി.രമണനും ആരോപിച്ചു. സമീപപ്രദേശം ബി.ജെ.പി കൗൺസിലർമാരുടെ വാർഡുകളായിരിക്കെ ഇവർക്ക് യാതൊരുവിധ വിലയും സുരേഷ് ഗോപി കൽപ്പിച്ചിട്ടില്ലായെന്ന തെളിവാണ് ഈ പ്രസ്താവനയെന്നും ഭാരവാഹികൾ പറഞ്ഞു.