കടയ്ക്കാവൂർ-അഞ്ചുതെങ്ങ് പ്രദേശത്ത് ഫയർസ്റ്റേഷൻ ആവശ്യമുണ്ട്

Friday 19 September 2025 2:57 AM IST

കടയ്ക്കാവൂർ: തീരദേശമേഖലയായ അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം, ചിറയിൻകീഴ് പഞ്ചായത്തുകളിൽ തീപിടിത്തമുണ്ടായാൽ ആശ്രയിക്കുന്നത് ആറ്റിങ്ങലിലെയും വർക്കലയിലെയും ഫയർസ്റ്റേഷനുകളെയാണ്. കടയ്ക്കാവൂർ-അഞ്ചുതെങ്ങ് പ്രദേശത്ത് ഒരു ഫയർസ്റ്റേഷൻ വേണമെന്നത് പ്രദേശവാസികളുടെ ചിരകാലാഭിലാഷമാണ്. കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി ഈ വിഷയം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടികളുണ്ടായിട്ടില്ല. അടിക്കടി തീപിടിത്തമുണ്ടാകുന്ന പ്രദേശങ്ങളിലൊന്നാണ് അഞ്ചുതെങ്ങ്. ഇത്തരം ദുരവസ്ഥകൾക്ക് പരിഹാരമെന്നോണമാണ് കടയ്ക്കാവൂർ,​അഞ്ചുതെങ്ങ് മേഖലകളിൽ ഫയർസ്റ്റേഷൻ വേണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നത്. ഫയർസ്റ്റേഷന് വേണ്ട സ്ഥലം കടയ്ക്കാവൂർ,​ അഞ്ചുതെങ്ങ് പഞ്ചായത്തിൽ പലസ്ഥലത്തും സർക്കാർ വകയായി തന്നെയുണ്ട്. തൊട്ടടുത്തായി അഞ്ചുതെങ്ങ് കായലും പഴഞ്ചിറ കുളവും മറ്റുമുള്ളതിനാൽ ജലത്തിനും ക്ഷാമമുണ്ടാകില്ലെന്ന് പ്രദേശവാസികൾ തീർത്തും പറയുന്നു.

അധികൃതർ വേണ്ട നടപടികൾ കൈക്കൊള്ളണം

ജനസാന്ദ്രതയിൽ മുൻപന്തിയിൽ നിൽക്കുന്ന അഞ്ചുതെങ്ങ് പഞ്ചായത്തിലും ഇടയ്ക്കിടയ്ക്ക് തീപിടിത്തമുണ്ടാകുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് അഞ്ചുതെങ്ങിലുണ്ടായ തീപിടിത്തത്തിൽ നൂറോളം വീടുകൾ അഗ്നിക്കിരയായി. അന്നുമുതൽ ഇവിടുത്തുകാർ ഫയർസ്റ്റേഷൻ വേണമെന്ന ആവശ്യമുന്നയിച്ചിരുന്നു. അപകടങ്ങളുണ്ടായാൽ വർക്കല നിന്നോ ആറ്റിങ്ങലിൽ നിന്നോ ഫയർഎൻജിൻ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കുന്നത്.ഈ സ്ഥലങ്ങളിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തുമ്പോഴേക്കും നല്ലൊരുപങ്കും അഗ്നിക്കിരയായി കഴിഞ്ഞിരിക്കും. ഇത്തരം സാദ്ധ്യതകൾ കണക്കിലെടുത്ത് അധികൃതർ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നതാണ് ജനങ്ങൾ പറയുന്നത്.