സ്വകാര്യഭാഗത്തു സ്‌പർശിച്ചത് മാനഭംഗമാവില്ല:സുപ്രീംകോടതി
ന്യൂഡൽഹി: പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്തു സ്‌പർശിച്ചുവെന്ന് മാത്രം ആരോപണമുള്ള കേസിൽ പ്രതിയെ ബലാത്സംഗക്കുറ്റം ചുമത്തി ശിക്ഷിക്കാനാകില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ അഹ്സാനുദ്ദിൻ അമാനുള്ള, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിലപാട്. ഛത്തീസ്ഗഢിലെ പീഡനക്കേസിലാണിത്.
വിചാരണ കാേടതി വിധിച്ച ശിക്ഷ ഹൈക്കോടതിയും ശരിവച്ചിരുന്നു.
ഇന്ത്യൻ ശിക്ഷാനിയമത്തിൽ ബലാത്സംഗക്കുറ്റം പരാമർശിക്കുന്ന 376ABയും പോക്സോ നിയമത്തിലെ വകുപ്പ് ആറും പ്രതിയായ ലക്ഷ്‌മൺ ജാൻഗ്ഡെയ്‌ക്കെതിരെ ചുമത്തിയിരുന്നു. ഇവ സുപ്രീംകോടതി ഒഴിവാക്കി. പകരം ലൈംഗികാതിക്രമത്തിന് ഇന്ത്യൻ ശിക്ഷാനിയമത്തിൽ പറയുന്ന വകുപ്പ് 354,പോക്സോ നിയമത്തിലെ വകുപ്പ് 10 എന്നിവ ചുമത്തി. ഇതോടെ, വിചാരണക്കോടതി വിധിച്ച 20 വർഷം കഠിനതടവ് ഏഴു വർഷമായി കുറഞ്ഞു. പിഴത്തുകയായ 50,000 രൂപയിൽ മാറ്റം വരുത്തിയില്ല. ഇരയ്‌ക്ക് രണ്ടു മാസത്തിനകം ഈ തുക നഷ്‌ടപരിഹാരമെന്ന നിലയിൽ കൈമാറണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. 12 വയസിൽ താഴെയുള്ള പെൺകുട്ടിയാണ് ഇരയെന്നും ഒരു തരത്തിലുമുള്ള ദയയും പ്രതി അർഹിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.