പാൽ വില വർദ്ധനയിൽ പ്രതീക്ഷയർപ്പിച്ച് ക്ഷീര കർഷകർ
വെഞ്ഞാറമൂട്: ഓണം കഴിയുമ്പോഴെങ്കിലും പാൽവില വർദ്ധിപ്പിക്കുമെന്ന കർഷകരുടെ പ്രതീക്ഷ വെറുതെയായില്ല. ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ പാൽ വില വർദ്ധിപ്പിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി നിയമസഭയിൽ പറഞ്ഞതോടെ പ്രതീക്ഷയിലാണ് കർഷകർ. ഉത്പാദന ചെലവിന് ആനുപാതികമായി പാലിന് വില ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കാലിവളർത്തൽ പലരും ഉപേക്ഷിച്ചത്. ഒരു ലിറ്റർ പാൽ വിലയിൽ 10 രൂപയുടെയെങ്കിലും വർദ്ധനയുണ്ടാകണമെന്നാണ് ആവശ്യപ്പെടുന്നതെങ്കിലും 4 മുതൽ 5 രൂപയുടെ വർദ്ധന വരെ കർഷകർ പ്രതീക്ഷിക്കുന്നു.
കാലിത്തീറ്റ വില താങ്ങാനാകില്ല
തീറ്റപുല്ല്,കാലിത്തീറ്റ,വൈക്കോൽ, മരുന്ന് എന്നിവയുടെ വില വർദ്ധന കർഷകരെ അലട്ടുകയാണ്. 50 കിലോ വരുന്ന ഒരു കിലോ കാലിത്തീറ്റയുടെ വില 1500 ന് മുകളിലാണ്. മരുന്നും കാത്സ്യവുമൊന്നുമില്ലാതെ കന്നുകാലി വളർത്തൽ സാദ്ധ്യമല്ല.
ഒന്നും രണ്ടും പശുക്കളെ വളർത്തി പാൽ വിൽക്കുന്നവരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്. വരാൻപോകുന്നത് വേനൽക്കാലമായതിനാൽ തീറ്റ, വെള്ളം എന്നിവയുടെ ക്ഷാമവും തിരിച്ചടിയാകും. നല്ലയിനം കന്നുകാലികളെ കിട്ടാനില്ലാത്തതും തിരിച്ചടിയാണ്.
പ്രതിമാസം മരുന്നിന് മാത്രം 5000- 10000 രൂപ
മിൽമയിൽ പാൽ നൽകിയാൽ 42 - 49 രൂപയാണ് ലഭിക്കുക
മിൽമ പായ്ക്കറ്റിലാക്കി വിൽക്കുന്നത് 52 രൂപയ്‌ക്ക്
സൊസൈറ്റികളിൽ വിൽക്കുന്നത് 60 രൂപയ്‌ക്ക്
പൊതുവിപണിയിൽ പാൽ വില 60 - 62 രൂപ വരെ