തമിഴ് ഹാസ്യതാരം റോബോ ശങ്കർ അന്തരിച്ചു

Thursday 18 September 2025 11:15 PM IST

ചെന്നൈ: തമിഴ് ഹാസ്യ താരം റോബോ ശങ്കർ അന്തരിച്ചു,​ 46 വയസായിരുന്നു,​ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാത്രി 8.30ഓടെയായിരുന്നു അന്ത്യം. ദിവസങ്ങൾക്ക് മുമ്പ് ഒരു സിനിമയുടെ ലോഞ്ചിനിടെ കുഴഞ്ഞു വീണതിനെ തുടർന്നാണ് അദ്ദേഹത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൃക്കകൾ തകരാറിലായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മരണ സമയത്ത് ഭാര്യ പ്രിയങ്കയും മകൾ ഇന്ദ്രജയും ഒപ്പമുണ്ടായിരുന്നു.

മധുര സ്വദേശിയായ ശങ്കർ സ്റ്റേജ് ഷോകളിൽ റോബോട്ടായി നൃത്തം ചെയ്തതിലൂടെയാണ് പ്രശസ്തനായത്. അങ്ങനെയാണ് അദ്ദേഹം റോബോ ശങ്കർ എന്നറിയപ്പെട്ടു തുടങ്ങിയത്. ജനപ്രിയ ടെലിവിഷൻ ഷോകളിലൂടെയാണ് ശങ്കർ ശ്രദ്ധ നേടിയത്. ജയം രവി നായകനായ ദീപാവലി എന്ന ചിത്രത്തിലൂടെയാണ് 2007ൽ റോബോ ശങ്കർ വെള്ളിത്തിരയിലെത്തുന്നത്. മാരി,​ വിശ്വാസം,​ സിംഗം 3.,​ കോബ്ര ,​ പുലി തുടങ്ങിയ സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.