ധർമ്മസ്ഥലയിൽ വീണ്ടും അസ്ഥികൾ കണ്ടെത്തി
ധർമ്മസ്ഥല : കർണാടക ധർമ്മസ്ഥലയിലെ വനമേഖലയിൽ എസ്.ഐ.ടി സംഘം നടത്തിയ തെരച്ചിലിൽ വീണ്ടും അസ്ഥിഭാഗങ്ങൾ കണ്ടെത്തി. ബംഗ്ളഗുഡെ കാട്ടിനുള്ളിലെ ഒൻപത് ഇടങ്ങളിൽ നിന്നാണ് കണ്ടെടുത്തത്. അസ്ഥികളിലൊന്ന് പുരുഷന്റേതാണെന്ന് സ്ഥിരീകരിക്കാവുന്ന തെളിവുകൾ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. ഇയാളെ തിരിച്ചറിയുന്ന രേഖകൾ അസ്ഥിയുടെ സമീപത്തുതന്നെ ഉണ്ടായിരുന്നു. കണ്ടെടുത്ത അസ്ഥി ഭാഗങ്ങൾ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചു.
അസ്ഥികൾ കണ്ടെടുത്ത ഭാഗത്ത് മുൻ ശുചീകരണ തൊഴിലാളി മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത് കണ്ടിരുന്നതായി രണ്ട് നാട്ടുകാർ നേരത്തെ എസ്.ഐ.ടിക്ക് മൊഴി നൽകിയിരുന്നു. കൊല്ലപ്പെട്ട സൗജന്യയുടെ അമ്മാവൻ വിട്ടൽ ഗൗഡയും ഇവിടെ മൃതദേഹങ്ങൾ സംസ്‌കരിച്ചതായി ആരോപിച്ചിരുന്നു. ഏഴുപേരുടെ അസ്ഥികൂടങ്ങൾ എസ്.ഐ.ടിക്ക് ലഭിച്ചതായി ചോദ്യം ചെയ്യലിനു ശേഷം പുറത്തുവന്ന ലോറി ഉടമ മനാഫ് കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.