വിമാനത്താവളത്തിലെ സ്വർണം തട്ടിയെടുക്കലിൽ വഴിത്തിരിവ് പ്രതികൾ പിടിയിലായതോടെ പരാതിക്കാരൻ മുങ്ങി

Friday 19 September 2025 1:45 AM IST

സഹോദരങ്ങൾ ഉൾപ്പെടെ നാലുപേർ റിമാൻഡിൽ

തിരുവനന്തപുരം: അബുദാബിയിൽ നിന്ന് സ്വർണവുമായെത്തിയ തമിഴ്നാട് സ്വദേശിയുടെ ബാഗ് തട്ടിയെടുത്ത കേസിൽ വഴിത്തിരിവ്. പ്രതികളെ മണിക്കൂറുകൾക്കകം പൊലീസ് പൊക്കിയതോടെ പരാതിക്കാരൻ മുങ്ങി. രണ്ടുദിവസമായി ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും ഇയാളെത്തിയില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കിയെന്നാണ് വിവരം.

തമിഴ്നാട് സംഘത്തിന് സ്വർണവുമായെത്തിയ കാരിയറായിരുന്നു പരാതിക്കാരനെന്നാണ് പൊലീസിന്റെ നിഗമനം. തമിഴ്നാട് വെല്ലൂർ സ്വദേശി സർദാർ ബാഷയാണ് തിങ്കളാഴ്ച പുലർച്ചെ വിമാനത്താവളത്തിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് ബാഗ് തട്ടിപ്പറിച്ചെന്ന പരാതിയുമായെത്തിയത്. രണ്ടുഗ്രാം വീതമുള്ള കമ്മലും മാലയും ബാഗിലുണ്ടായിരുന്നുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. കൈയിലുണ്ടായിരുന്ന മറ്റു ബാഗുകളുമായി ഇയാൾ തമിഴ്നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഉടൻ സി.സി ടിവി പരിശോധിച്ചാണ് പൊലീസ് പ്രതികളെത്തിയ ഇന്നോവ കണ്ടെത്തിയത്.

തുടർന്നുള്ള അന്വേഷണത്തിൽ കൊല്ലം കുളത്തൂപ്പുഴ സ്വദേശികളായ സഹോദരങ്ങളുൾപ്പെടെ നാലുപേരെ പിടികൂടി. കുളത്തൂപ്പുഴ ഗവ.എൽ.പി.എസിന് സമീപം പതിനാറേക്കർ സ്വദേശി മുഹമ്മദലി (അലി 22),അനുജൻ അഷ്‌കർ(20),സുഹൃത്തുക്കളായ ആൽബിൻ ജോൺ (19),മുഹമ്മദ് അഫ്സൽ (23) എന്നിവരെ പിടികൂടി റിമാൻഡ് ചെയ്തു.

എന്നാൽ ബാഗിൽ വസ്ത്രങ്ങളും ചോക്ലേറ്റും പാസ്‌പോർട്ടും മാത്രമാണുണ്ടായിരുന്നതെന്നാണ് പിടിയിലായവരുടെ മൊഴി. ഇക്കാര്യം പരാതിക്കാരനെ പൊലീസ് അറിയിക്കുകയും ചെയ്‌തു. നേരിട്ടെത്താൻ ആവശ്യപ്പെട്ടെങ്കിലും പിന്നീട് പ്രതികരിച്ചിട്ടില്ല. ഇയാൾ കൂടുതൽ സ്വർണം കടത്തിക്കൊണ്ടുവന്നോയെന്നും പൊലീസ് സംശയിക്കുന്നു.

കണക്കുകൂട്ടൽ തെറ്റി, ബാഗ് മാറി?

പ്രതികളായ മുഹമ്മദ് അലിയുടെയും അഷ്‌കറിന്റെയും ബന്ധു അബുദാബിയിലുണ്ട്. ഇയാളാണ് സർദാർ ബാഷ സ്വർണവുമായി തിരുവനന്തപുരത്തെത്തിയെന്ന വിവരം കൈമാറിയത്. ബാഷയുടെ ഫോട്ടോയും അയച്ചുനൽകി.

വിമാനത്താവളത്തിൽ കാത്തുനിന്ന കുളത്തൂപ്പുഴ സംഘം പുറത്തിറങ്ങിയ സർദാർ ബാഷയെ ആക്രമിച്ച് രണ്ടു ബാഗുകളിൽ ഒന്ന് തട്ടിയെടുത്തു. ഇതിനിടെ സർദാറിനെ കൂട്ടിക്കൊണ്ടുപോകാനെത്തിയ തമിഴ്നാട് സംഘം ആക്രമിച്ചതോടെ കുളത്തൂപ്പുഴ സംഘം കിട്ടിയ ബാഗുമായി സ്ഥലംവിട്ടു.

വാടകയ്‌ക്കെടുത്ത കാർ തിരികെ നൽകി ഒളിവിൽപ്പോയി. കണക്കുകൂട്ടൽ തെറ്റിയതോടെ ബാഗ് മാറിപ്പോയെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്‌താലേ ഇക്കാര്യത്തിൽ വ്യക്തത വരൂ. പരാതിക്കാരനെ നിർബന്ധപൂർവം വിളിച്ചുവരുത്തുന്ന സാഹചര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

വലിയതുറ എസ്.എച്ച്.ഒ വി.അശോക് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഇൻസമാം,ജയശ്രീ, അജേഷ് കുമാർ,​സി.പി.ഒമാരായ കിഷോർ,വരുൺ,നാസിമുദ്ദീൻ എന്നിവരുൾപ്പെടുന്ന പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.