കഞ്ചാവ് മൊത്ത വിതരണക്കാരൻ ഒറീസയിൽ പിടിയിലായി
വിഴിഞ്ഞം: വിഴിഞ്ഞത്തേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസിൽ കഞ്ചാവ് മൊത്ത വിതരണക്കാരനെ ഒറീസയിൽ നിന്ന് വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്‌തു. ഒറീസ മുനിമുഡ സ്വദേശി രമേശ് ഷിക്കാക്കനെയാണ് (39) ഒറീസ പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്. പ്രതിയെ ഇന്നലെ രാത്രിയോടെ വിഴിഞ്ഞത്തെത്തിച്ചു. കഴിഞ്ഞ ജൂലായ് 18ന് ആറരക്കിലോ കഞ്ചാവുമായി രണ്ടുപേരെ ഡാൻസാഫ് സംഘം പിടികൂടിയിരുന്നു. പിറവിളാകം കാവുവിള സ്വദേശി രാജുവിനെ വിഴിഞ്ഞത്തു നിന്നും വിഴിഞ്ഞം തെരുവ് മൈത്രി മൻസിലിൽ നാസുമുദീനെ (50) ബാലരാമപുരത്തു നിന്നുമാണ് പിടികൂടിയത്. രാജുവിന്റെ പക്കലുണ്ടായിരുന്ന ഷോൾഡർ ബാഗിൽ നിന്ന് 4.215 കിലോയും നാസുമുദ്ദീന്റെ കൈയിൽ നിന്നും 2.5 കിലോഗ്രാം കഞ്ചാവുമാണ് അന്ന് പിടിച്ചെടുത്തത്. ഒറീസയിൽ നിന്നുള്ള കഞ്ചാവുമായാണ് ഇവരെത്തിയത്. കഞ്ചാവ് എത്തിച്ചു നൽകിയാൽ ഇവർക്ക് 10,000 രൂപ പ്രതിഫലമായി ലഭിച്ചിരുന്നെന്നും പൊലീസ് വ്യക്തമാക്കി.
തുടരന്വേഷണം വിഴിഞ്ഞം പൊലീസിന് കൈമാറിയതിനെ തുടർന്നാണ് മൊത്തക്കച്ചവടക്കാരനെ പിടികൂടിയത്. കേരളത്തിലേക്ക് പോകുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുകയായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ.ദിനേശ്,എ.എസ്.ഐ വിജയകുമാർ,എസ്.സി.പി.ഒ വിനയകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.