ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനം: ഒരു മരണം, 12 പേരെ കാണാതായി

Friday 19 September 2025 1:02 AM IST

ന്യൂഡൽഹി: മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഉത്തരാഖണ്ഡിലെ ചമോലിയിൽ ഒരു മരണം. 12 പേരെ കാണാതായി. നിരവധി കെട്ടിടങ്ങൾ തകർന്നു. പ്രദേശത്ത് എൻ.ഡി.ആർ.എഫിന്റെയും എസ്.ഡി.ആർ.എഫിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. സംസ്ഥാന സർക്കാർ പ്രത്യേക മെഡിക്കൽ സംഘത്തെയും സ്ഥലത്ത് അയച്ചു. അതേസമയം, സ്ഥലത്ത് കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കുന്നുണ്ട്.

ബുധനാഴ്ച അർദ്ധരാത്രിക്കുശേഷം നന്ദ നഗറിലാണ് മേഘവിസ്‌ഫോടനമുണ്ടായത്. 20 പേരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തി. കുന്ത്രി ലഗ ഫാലി, സർപാനി, ധുർമ ഗ്രാമങ്ങളിൽ നിന്നുള്ളവരെയാണ് കാണാതായത്. 10 വയസുള്ള രണ്ട് ആൺകുട്ടികളും 75 വയസുള്ള വയോധികനും കാണാതായവരിൽ ഉൾപ്പെടുന്നു. ചമോലിയിലെ നാല് ഗ്രാമങ്ങൾ മേഘവിസ്‌ഫോടനത്തിൽ വെള്ളത്തിനടിയിലായി. 33 വീടുകളും നിരവധി കടകളും മറ്റു കെട്ടിടങ്ങളും പൂർണമായും തകർന്നു. ചമോലിയിൽ ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാല് ദിവസം മുമ്പ് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ മേഘവിസ്‌ഫോടനത്തെ തുടർന്ന് 15 പേർ മരിച്ചിരുന്നു. 16 പേരെ കാണാതാവുകയും ചെയ്തു. നിരവധി വീടുകളും കെട്ടിടങ്ങളും തകരുകയും റോഡുകൾ ഒലിച്ചുപോവുകയും ചെയ്തു. രണ്ട് പ്രധാന പാലങ്ങൾ തകർന്നതിനെ തുടർന്ന് മസൂറി ഡെറാഡൂണിൽ നിന്ന് പൂർണമായും ഒറ്റപ്പെട്ടു. റോഡുകൾ അടച്ചതിനെ തുടർന്ന് ആയിരത്തോളം ആളുകൾ പലയിടങ്ങളിലും കുടുങ്ങിക്കിടക്കുന്നുണ്ട്. ടാമ്‌സ നദി കരകവിഞ്ഞ് തപ്‌കേശ്വർ ക്ഷേത്രം വെള്ളത്തിനടിയിലായി. ക്ഷേത്ര കവാടത്തിലെ പ്രശസ്തമായ കൂറ്റൻ ഹനുമാന്ഡ പ്രതിമ പൂർണമായും മുങ്ങി. അതിനിടെ നാളെ വരെ ഡെറാഡൂൺ, ചംപാവത്, ഉധം സിംഗ് നഗർ മേഖലകളിൽ കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. റോഡുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കാനും ദുരിതാശ്വാസമെത്തിക്കാനും ദുരന്തബാധിത മേഖലകൾ സന്ദർശിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം മണ്ണിടിച്ചിലിൽ മൂന്നുപേർ മരിച്ച ഹിമാചൽ പ്രദേശിൽ ഇന്നലെയും ശക്തമായ മഴ പെയ്തു. മാണ്ഡിയിലും കുളുവിലും ഷിംലയിലുമാണ് കൂടുതൽ നാശനഷ്ടം. ഹിമാചലിൽ ഈ വർഷം ഇതുവരെ 419 പേരാണ് മഴക്കെടുതിയിൽ മരിച്ചത്.