യുവതിക്കെതിരെ അതിക്രമം: യുവാവ് അറസ്റ്റിൽ
വർക്കല: പാപനാശത്തെത്തിയ യുവതിയോട് മോശമായി പെരുമാറിയ 39കാരനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. ചെറുകുന്നം വികാസ് ഭവനിൽ വിപിൻ(39) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ 15ന് വൈകിട്ടോടെയാണ് കേസിനാസ്പദമായ സംഭവം. ലണ്ടനിൽ സ്ഥിരതാമസക്കാരിയായ യുവതിയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. ഹെലിപാഡ് ക്ലിഫ് മേഖലയിൽ കടൽത്തീരത്തുനിന്ന് സൂര്യാസ്തമയം ആസ്വദിച്ചുകൊണ്ടിരുന്ന യുവതിയോട് സംഘം ചേർന്നെത്തിയ പ്രതി അശ്ലീലമായി സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്നാണ് പരാതി. പ്രതിയുടെ മോശംപെരുമാറ്റത്തിൽ നിന്ന് പതറാതെ ധൈര്യത്തോടെ പ്രതികരിച്ച യുവതി വിപിനെ പിന്തുടർന്ന് പിടികൂടി. എന്നാൽ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചതോടെ യുവതി ഒച്ചവച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട ടൂറിസം പൊലീസും നാട്ടുകാരും ഇടപെട്ട് പ്രതിയെ വർക്കല പൊലീസിന് കൈമാറുകയായിരുന്നു. തുടർനടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.