ഛത്തീസഗഢിൽ ഏറ്റുമുട്ടൽ: വനിതാ മാവോയിസ്റ്റിനെ വധിച്ചു

Friday 19 September 2025 1:05 AM IST

റായ്പൂർ: ഛത്തീസ്ഗഢിലെ സുക്മയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ തലയ്ക്ക് അഞ്ച് ലക്ഷം രൂപ വിലയിട്ടിരുന്ന വനിതാ മാവോയിസ്റ്റിനെ ഇന്നലെ വധിച്ചു. ബുസ്കി നുപ്പോ (35) ആണ് കൊല്ലപ്പെട്ടത്. ഗദിരാസ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗുഫ്ദി, പെർമപാര ഗ്രാമങ്ങൾക്കിടയിലുള്ള വനപ്രദേശത്തുള്ള കുന്നിൻ മുകളിലായിരുന്നു ഏറ്റുമുട്ടൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസിന്റെ പ്രത്യേക യൂണിറ്റായ ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡിന്റെ (ഡി.ആർ.ജി) നേതൃത്വത്തിലാണ് പ്രദേശത്ത് വെടിവയ്പ് നടത്തിയത്.

വെടിവയ്പിനുശേഷം നടത്തിയ തെരച്ചലിൽ നുപ്പോയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മാവോയിസ്റ്റുകളുടെ മലംഗീർ ഏരിയ കമ്മിറ്റി അംഗമായിരുന്നു നുപ്പോ. സുക്മ, ദന്തേവാഡ ജില്ലകളിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളിലായി ഒമ്പതോളം കേസുകൾ ഇവർക്കെതിരെ നിലവിലുണ്ട്. അതേസമയം, പ്രദേശത്ത് നിന്ന് 315 ബോർ റൈഫിൾ, അഞ്ച് വെടിയുണ്ടകൾ, ഒരു വയർലെസ് സെറ്റ്, എട്ട് ഡിറ്റണേറ്ററുകൾ, ഏകദേശം 10 മീറ്റർ കോർഡെക്സ് വയർ, നാല് ജെലാറ്റിൻ സ്റ്റിക്കുകൾ, വെടിമരുന്ന്, ഒരു റേഡിയോ, മാവോയിസ്റ്റ് സാഹിത്യം, മറ്റ് വസ്തുക്കൾ എന്നിവയും പൊലീസ് കണ്ടെടുത്തു.

അതിനിടെ കഴിഞ്ഞ ദിവസം ഛത്തീസ്ഗഢിലെ നാരായൺപൂരിൽ അഞ്ച് സ്ത്രീകളടക്കം 12 മാവോയിസ്റ്റുകൾ കീഴടങ്ങി, അതിൽ ഒമ്പത് പേരുടെ തലയ്ക്ക് 18 ലക്ഷം രൂപ വിലയിട്ടിരുന്നു. 2025ൽ ഛത്തീസ്ഗഢിലുടനീളം ഇതുവരെ 247 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഇതിൽ ഏഴ് ജില്ലകൾ ഉൾപ്പെടുന്ന ബസ്തർ ഡിവിഷനിൽ 218 പേരെയും റായ്പൂർ ഡിവിഷനിൽ ഉൾപ്പെടുന്ന ഗരിയാബന്ദിൽ 27 പേരെയും വെടിവച്ചു കൊന്നു. ദുർഗ് ഡിവിഷനിലെ മൊഹ്‌ല-മാൻപൂർ-അംബഗഡ് ചൗക്കി ജില്ലയിൽ മറ്റ് രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.