പ്രവർത്തകരെ നിയന്ത്രിക്കണം: വിജയ്ക്കെതിരെ മദ്രാസ് ഹൈക്കോടതി

Friday 19 September 2025 1:07 AM IST

ചെന്നൈ: നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിനു (ടി.വി.കെ) മദ്രാസ് ഹൈക്കോടതിയുടെ വിമർശനം. സമ്മേളനങ്ങൾ നടത്തുമ്പോൾ പ്രവർത്തകരെ നിയന്ത്രിക്കേണ്ടത് നേതാവാണ്. പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ വേണ്ടിവന്നാൽ ഇടപെടും. എന്തെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടായാൽ ആര് ഉത്തരവാദിത്വമേറ്റെടുക്കുമെന്നും കോടതി ചോദിച്ചു. തിരുച്ചിറപ്പള്ളിയിലെ യോഗത്തിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണു കോടതിയുടെ വിമർശനം. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ബാധകമായ ചട്ടങ്ങൾ രൂപീകരിക്കണമെന്ന് പൊലീസിനോട് കോടതി നിർദ്ദേശിച്ചു. 24നകം ഇതിന്റെ റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് എൻ. സതീഷ് കുമാർ അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ (എപിപി) ഇ. രാജ് തിലകിനോട് പറഞ്ഞു. സമ്മേളനങ്ങൾക്ക് അനുമതി തേടിയുള്ള അപേക്ഷകളിൽ വൈകാതെ തീരുമാനമെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ടി.വി.കെയുടെ ഹർജി പരിഗണിക്കവേയാണു കോടതിയുടെ വിമർശനങ്ങൾ.