മോദിയെക്കുറിച്ചുള്ള സിനിമ സ്‌കൂളുകളിൽ പ്രദർശിപ്പിക്കും

Friday 19 September 2025 1:33 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള 'ചലോ ജീതെ ഹെ' എന്ന സിനിമ വിദ്യാർത്ഥികളെ കാണിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നൽകി. രാജ്യത്തെ മുഴുവൻ സി.ബി.എസ്.ഇ, കേന്ദ്രീയ,നവോദയ വിദ്യാലയങ്ങളിൽ ഒക്ടോബർ രണ്ടിനകം സിനിമ പ്രദർശിപ്പിക്കണമെന്നാണ് നിർദ്ദേശം. മോദിയുടെ കുട്ടിക്കാലത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ സിനിമ കുട്ടികളിൽ സേവനം,ഉത്തരവാദിത്വം,സഹാനുഭൂതി,വിമർശനാത്മക ചിന്ത എന്നിവ വളർത്താൻ ഉപകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പറയുന്നു. 9 മാനുഷികമൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രേരണ എന്ന പഠനപദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രിയുടെ ജന്മദിനത്തിന് മുന്നോടിയായി പുറത്തിറക്കിയ നിർദ്ദേശത്തിൽ വിദ്യാഭ്യാസ മന്ത്രാലയം പറയുന്നു. 1888ൽ സ്ഥാപിക്കപ്പെട്ട ഗുജറാത്തിലെ വേദ്‌നഗർ പബ്ലിക് സ്‌കൂളിലാണ് പ്രേരണ പദ്ധതി നടപ്പാക്കുന്നത്. നരേന്ദ്ര മോദി പ്രാഥമിക വിദ്യാഭ്യാസം നേടിയത് ഈ വിദ്യാലയത്തിൽ നിന്നാണ്. പ്രേരണ പദ്ധതിയുടെ ഭാഗമായി സ്ഥിരമായി ചലോ ജീതേ ഹെ സിനിമ പ്രദർശിപ്പിക്കുന്നുണ്ട്.